താരസംഘടനയായ അമ്മയിൽ അടുത്തിടെ നിരവധി വിവാദങ്ങളാണ് ഉണ്ടായത്. നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടി പീഡന പരാതി നൽകിയതിന് ശേഷമാണ് പുതിയ വിവാദങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്. സംഘടനയ്ക്കെതിരെ അകത്തും പുറത്തും നിരവധി വിമർശനങ്ങളും ഉണ്ടായിരുന്നു. ഇപ്പോളിതാ, സംഘടനയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു താത്കാലികമായി അവധി എടുക്കാൻ ഒരുങ്ങി എന്ന വാർത്തയാണ് പുറത്ത് വരുന്നത്.
പീഡന പരാതിയിൽ ആരോപണ വിധേയനായ വിജയ് ബാബു അടുത്തിടെ നടന്ന അമ്മ യോഗത്തിൽ പങ്കെടുത്തിരുന്നു. വിജയ് ബാബു യോഗത്തിലേക്ക് വരുന്ന വീഡിയോ വിജയ് ബാബുവിന്റെ മാസ് എൻട്രി എന്ന തലക്കെട്ടോടെ അമ്മയുടെ യൂട്യൂബ് ചാനലിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സംഘടനയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉണ്ടായി. പിന്നാലെ യൂട്യൂബ് ചാനൽ കൈകാര്യം ചെയ്യുന്നവരെ മോഹൻലാൽ വിളിച്ചുവരുത്തി യോഗത്തിൽ ശകാരിക്കുകയും ചെയ്തു. ഇടവേള ബാബുവും ചേർന്നുകൊണ്ടാണ് ഇത്തരമൊരു നടപടി ഉണ്ടായത് എന്ന ആരോപണവും യോഗത്തിൽ ഉണ്ടായി. ഇതിന് പിന്നാലെയാണ് ഇടവേള ബാബു അവധിയെടുക്കാൻ ഒരുങ്ങിയത്. എന്നാൽ, പ്രസിഡന്റ് മോഹൻലാലും എക്സിക്യൂട്ടീവ് അംഗങ്ങളും അത്തരമൊരു തീരുമാനത്തിന്റെ ആവശ്യമില്ലെന്ന് അറിയിച്ചു.
Also Read: ഷമ്മി തിലകനെതിരെ നടപടിയെടുക്കാനൊരുങ്ങി അമ്മ: തീരുമാനം അടുത്ത എക്സിക്യൂട്ടീവിലെന്ന് ബാബുരാജ്
അതേസമയം, അമ്മയുടെ ജനറൽബോഡി യോഗത്തിൽ വിജയ് ബാബു പങ്കെടുത്തതിൽ മോഹൻലാൽ അതൃപ്തി അറിയിച്ചു. വിജയ് ബാബു യോഗത്തിന് വരുമെന്ന് പറഞ്ഞപ്പോൾ മാറിനിൽക്കാൻ പറയാമായിരുന്നുവെന്നും വിജയ് ബാബു യോഗത്തിന് എത്തിയതാണ് ഏറ്റവും അധികം വിമർശനത്തിന് ഇടയായതെന്നും യോഗം വിലയിരുത്തി.
Post Your Comments