മണിരത്നത്തിന്റെ സ്വപ്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. കൽക്കി കൃഷ്ണമൂർത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള ചിത്രത്തിൽ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിൽ വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ റിലീസായിരുന്നു. ആദിത്യ കരികാലൻ എന്ന ചോള രാജകുമാരനായിട്ടാണ് വിക്രം ചിത്രത്തിൽ എത്തുന്നത്.
ഇപ്പോളിതാ, ആദിത്യ കരികാലൻ എന്ന ചോള രാജകുമാരന്റെ ക്യാരക്ടർ പോസ്റ്ററിനെതിരെ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. വിക്രം അവതരിപ്പിക്കുന്ന കഥാപാത്രം വൈഷ്ണവ തിലകം തൊട്ടിരിക്കുന്നതായി പോസ്റ്ററിൽ കാണാം. ഇതാണ് വിമർശനത്തിന് കാരണമായത്. ചോളന്മാർ ശൈവ ഭക്തരായിരുന്നു എന്നും മണിരത്നത്തിന്റെ ആര്യവൽക്കരണമാണ് പോസ്റ്ററിൽ കാണുന്നത് എന്നുമാണ് വിമർശനം. വീ ദ്രവീഡിയൻസ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പ്രധാനമായും വിമർശനം ഉയർന്നിരിക്കുന്നത്.
Also Read: ആഴ്ചയിൽ ഒരു ദിവസം തിയേറ്ററുകൾ നാടകങ്ങൾക്ക് വിട്ടുകൊടുക്കാൻ തയ്യാറുണ്ടോ: ചോദ്യവുമായി ഹരീഷ് പേരടി
‘മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ എന്ന സിനിമയിലെ വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരുന്നു. പോസ്റ്ററിൽ ചോള രാജകുമാരനായ ആദിത്യ കരികാലൻ വൈഷ്ണവ തിലകം തൊട്ടിരിക്കുന്നു. കഥ പ്രകാരം ചോളന്മാർ ശൈവ ഭക്തരാണ്. ചരിത്രവും വസ്തുതകളും എങ്ങനെ വളച്ചൊടിക്കപ്പെടുന്നു എന്നതിന്റെ ഒരു ചെറിയ ഉദാഹരണമാണിത്. വ്യക്തമായ ഡീറ്റൈലിംഗ് ഇല്ലാതെ മണിരത്നത്തിന്റെ ആര്യവൽക്കരണമാണ് ഇത്’, ഫേസ്ബുക്ക് പേജിൽ ഇങ്ങനെയാണ് കുറിച്ചിരിക്കുന്നത്.
അതേസമയം, സിനിമ സെപ്റ്റംബർ 30നാണ് തിയേറ്ററുകളിൽ എത്തുക. മഡ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് പൊന്നിയിൻ സെൽവൻ നിർമ്മിക്കുന്നത്. എ ആർ റഹ്മാൻ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ രവി വർമ്മയാണ്.
Post Your Comments