അന്തരിച്ച ലോകപ്രശസ്ത ബ്രിട്ടീഷ് നാടകാചാര്യൻ പീറ്റർ ബ്രൂക്കിനെ അനുസ്മരിച്ച് നടൻ രാജേഷ് ശർമ്മ. നാടകം പഠിക്കുന്ന കാലത്ത് പ്രിയപ്പെട്ടവരിൽ നിന്ന് ഏറ്റവും കൂടുതൽ കേട്ട നാടകാചാര്യൻ്റെ ലോകപ്രശസ്ത നാടകം കാണാൻ കള്ളവണ്ടി കയറി പോയ ഓർമ്മയാണ് രാജേഷ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ലോകത്തിലെ പലരാജ്യങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ കലാകാരന്മാർ അഭിനയിച്ച മഹാഭാരതമെന്ന ലോകോത്തര കലാസൃഷ്ടി കേരളത്തിന്റെ പലഭാഗത്ത് നിന്നുള്ള കലാകാരന്മാർക്കൊപ്പം കാണാനായ അനുഭവമാണ് രാജേഷ് ഫേസ്ബുക്കിൽ കുറിച്ചത്. നമ്മുടെ മഹാഭാരതത്തെ പീറ്റർ ബ്രൂക്ക് എന്ന അതുല്യ പ്രതിഭ ലോകോത്തരമാക്കിയത് ആൾക്കൂട്ടത്തിനിടയിൽ വിസ്മയത്തോടെ കണ്ടിരുന്നുവെന്നാണ് അദ്ദേഹം എഴുതിയത്.
Also Read: കണ്ണ് നനയിച്ചു, ഞാനും അദ്ദേഹത്തോട് മാപ്പ് ചോദിക്കുന്നു: സിദ്ദിഖിന്റെ കുറിപ്പ്
രാജേഷ് ശർമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ഞാൻ നാടകം പഠിക്കുന്ന കാലത്ത് പ്രിയപ്പെട്ടവരിൽ നിന്ന് എറ്റവും ബഹുമാനത്തോടെ കേട്ട പേരാണ് പീറ്റർ ബ്രൂക്ക് എന്ന ലോക പ്രശസ്ത നാടകാചാര്യന്റേത്. പിന്നെയും പല ഇടങ്ങളിൽ, പലരിൽ നിന്ന് പല ഭാവങ്ങളിൽ അദ്ദേഹത്തെക്കുറിച്ച് കേട്ടിരുന്നു പോയിട്ടുണ്ട്. ഈ മനുഷ്യൻ ഇത്രയ്ക്ക് വിസ്മയമോ എന്നമ്പരന്നിട്ടുണ്ട്. അദ്ദേഹമങ്ങ് ഇംഗ്ലണ്ടിലോ ഫ്രാൻസിലോ ഒക്കെയാണ്. ഞാനിങ്ങ് കൊച്ചു കേരളത്തിലെ കൊച്ചു കൊല്ലത്ത് പബ്ലിക്ക് ലൈബ്രറിയുടെ മുറ്റത്ത് കുന്തക്കാലിൽ താടിമുട്ടിച്ച് കുതിർന്ന മണ്ണിൽ വരച്ചു കളിക്കുന്നു. ഇല്ലെൽ ഒന്ന് മുട്ടാരുന്നു.
പിന്നീട് 2003 ലോ 2004 ലോ ആണ് കയ്യിൽ ഒരു ബ്രോഷർ കിട്ടുന്നത്. പീറ്റർ ബ്രൂക്കിന്റെ പ്രശസ്തമായ “മഹാഭാരതം” എറണാകുളത്ത് ചങ്ങമ്പുഴ പാർക്കിൽ ലോകധർമ്മി പ്രദർശിപ്പിക്കുന്നു. ഒൻപത് മണിക്കൂർ ദൈർഘ്യം! എടുക്കാനോ ഉടുക്കാനോ അധികമില്ല, ടിക്കറ്റെടുക്കാൻ കാശ് തീരെയില്ല. വരുന്നത് വരട്ടെ, കള്ളവണ്ടി കേറി. നടന്നലഞ്ഞു, ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നിറയെ നാടകക്കാർ പീറ്റർ ബ്രൂക്കിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ചന്ദ്രദാസൻ സാറാണ് സ്റ്റാർ. അമേരിക്കയിൽ നിന്നോ മറ്റോ സംഘടിപ്പിച്ചു വരുത്തിയ മഹാഭാരതത്തിന്റെ ഡിവിഡി കക്ഷത്ത്. അതിലാണ് പീറ്റർ ബ്രൂക്ക്! ലോകത്തെ പല രാജ്യങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ നടന്മാരെ, കലാകാരന്മാരെ അണിനിരത്തി പീറ്റർ ബ്രൂക്ക് ചെയ്ത മഹാഭാരതം എന്ന വിസ്മയം! അതിലൊരേയൊരാൾ ഇന്ത്യയിൽ നിന്ന് – മല്ലികാ സാരാഭായി (പാഞ്ചാലി) . ഇന്ത്യൻ, അറേബ്യൻ മ്യൂസിക്കിന്റെ പ്രളയം. നമ്മുടെ മഹാഭാരതത്തെ പീറ്റർ ബ്രൂക്ക് എന്ന അതുല്യ പ്രതിഭ ലോകോത്തരമാക്കിയത് ആൾക്കൂട്ടത്തിനിടയിൽ വിസ്മയത്തോടെ കണ്ടിരുന്നു. പിന്നീട് ചങ്ങമ്പുഴ പാർക്കിന്റെ ഓഡിറ്റോറിയത്തിൽ കേരളത്തിന്റെ പല ഭാഗത്തു നിന്നുള്ള നാടകപ്രവർത്തകരോടൊപ്പം പീറ്റർ ബ്രൂക്കിനെ കെട്ടിപ്പിടിച്ച് ഞാനുറങ്ങി. മനസ്സു നിറയെ വിസ്മയമായിരുന്നു. ഇന്ന് പീറ്റർ ബ്രൂക്ക് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു, ഒരിക്കലും മായാതെ ആ വിസ്മയം നമ്മളിൽ നിറച്ചു കൊണ്ട്… മഹാനായ നാടകക്കാരന്റെ പാദങ്ങളിൽ എന്റെ സാഷ്ടാംഗപ്രണാമം…
Post Your Comments