CinemaGeneralIndian CinemaLatest NewsMollywood

കണ്ണ് നനയിച്ചു, ഞാനും അദ്ദേഹത്തോട് മാപ്പ് ചോദിക്കുന്നു: സിദ്ദിഖിന്റെ കുറിപ്പ്

നടൻ ആർ മാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് റോക്കട്രി: ദി നമ്പി എഫക്ട്. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്. മാധവൻ തന്നെയാണ് നമ്പി നാരായണനായി ചിത്രത്തിൽ എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററിൽ റിലീസായത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോളിതാ, ചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ സിദ്ദിഖ്. നമ്പി നാരായണന്റെ ആത്മകഥ വായിച്ചതിനേക്കാൾ വലിയ നൊമ്പരത്തോടെയാണ് സിനിമ കണ്ട് തീർത്തതെന്നാണ് അദ്ദേഹം പറയുന്നത്. സിനിമയുടെ പല ഭാഗങ്ങളും കണ്ണ് നനയിച്ചുവെങ്കിലും ഇന്ത്യക്കാരനെന്ന നിലയിൽ അഭിമാനം തോന്നിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

Also Read: നമ്മുടെ മഹാഭാരതത്തെ ലോകോത്തരമാക്കിയ പ്രതിഭ: പീറ്റർ ബ്രൂക്കിനെ കുറിച്ച് രാജേഷ് ശർമ്മ

സിദ്ദിഖിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ഓർമ്മകളുടെ ഭ്രമണപഥം
ശ്രീ നമ്പി നാരായണന്റെ ആത്മകഥയുടെ ആദ്യകോപ്പികളിലൊന്ന് പ്രജേഷ് തന്നിരുന്നു. ഒറ്റയിരുപ്പിലാണ് ഞാനത് വായിച്ചത്. ഐഎസ് ആർ ഒ ചാരക്കേസും നമ്പി നാരായണനും ഒക്കെ അത്രക്ക് കോളിളക്കം ഉണ്ടാക്കിയിരുന്നതാണല്ലോ. പുസ്തകത്തിന്റെ പല ഭാഗങ്ങളും വായിച്ചത് നിറകണ്ണുകളോടയാണ്. അതിനേക്കാൾ വലിയ നൊമ്പരത്തോടെയാണ് റോക്കറ്റ്രീ- ദ നമ്പി ഇഫക്ട് എന്ന സിനിമ കണ്ടത്.. പലയിടത്തും കണ്ണ് നനയിച്ചു. ഒപ്പം ഇന്ത്യക്കാരനെന്ന നിലയിൽ അഭിമാനവും തോന്നി. പക്ഷേ നമ്പി നാരായണൻ എന്ന പ്രതിഭാധനനായ ശാസ്ത്രജ്ഞനോട് നമ്മൾ എന്താണ് ചെയ്തത്?അമേരിക്കയിലെ നാസയുടെ ഓഫർ പോലും വേണ്ടെന്ന് വെച്ച അദ്ദഹം തന്റെ മാതൃരാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ എത്ര മഹത്തരമാണ്. പകരം നമ്മൾ എന്താണ് അദ്ദേഹത്തിന് ചാർത്തി കൊടുത്തത്?രാജ്യദ്രോഹിയെന്ന മുദ്ര! ശരിക്കും ലജ്ജതോന്നുന്നു.

ഭാരതത്തിന്റെ പരമോന്നത നീതിപീഠം അദ്ദേഹം നിരപരാധിയാണെന്ന് ഒടുവിൽ
കണ്ടെത്തുകയും, ബഹുമാനപ്പെട്ട കേന്ദ്രസർക്കാർ അദ്ദേഹത്തിന് പദ്മഭൂഷൺ നൽകി ആദരിക്കുകയും, ബഹുമാനപ്പെട്ട കേരള സർക്കാർ ഒരു കോടി മുപ്പത് ലക്ഷംരൂപ നഷ്ടപരിഹാരം നൽകി എന്നതുമൊക്കെയാണ് നമ്മുടെ നാണക്കേടിന് അല്പമെങ്കിലും ആശ്വാസം ആകുന്നത്. ഇന്നും നമ്പി നാരായണനെ എതിർക്കുന്നവരുണ്ടാകും. അത് അവരുടെ സ്വാതന്ത്ര്യം. പക്ഷേ എല്ലാവരും റോക്കട്രിയെന്ന സിനിമ കാണണം. ഈ സിനിമയുടെ അവസാനം നടൻ സൂര്യ അദ്ദേഹത്തോട് പറയുന്നുണ്ട്. സർ രാജ്യത്തിന് വേണ്ടി ഞാൻ അങ്ങയോട് മാപ്പ് ചോദിക്കന്നു എന്ന്. ഇന്ത്യ മഹാരാജ്യത്തെ ഒരു പൗരനെന്നനിലയിൽ ഞാനും ഹൃദയത്തിൽ തട്ടി ക്ഷമ ചോദിക്കന്നു.
സർ ഞങ്ങളോട് പൊറുക്കുക.

shortlink

Related Articles

Post Your Comments


Back to top button