തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് വിശാൽ. സിനിമയ്ക്ക് പുറത്ത് വിശാൽ നടത്തുന്ന പ്രതികരണങ്ങളും പലപ്പോളും ചർച്ചയായിട്ടുണ്ട്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനവും അത്തരത്തിൽ ചർച്ചയായ വിഷയങ്ങളിൽ ഒന്നായിരുന്നു. 2017ൽ അദ്ദേഹത്തിന്റെ നാമനിർദ്ദേശ പത്രിക തള്ളിയത് വലിയ വാർത്തയായിരുന്നു. താരം വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുന്നു എന്ന വാർത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നത്. ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡുവിനെതിരെ നടൻ മത്സരിക്കുമെന്ന തരത്തിലുള്ള വിവരങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുന്നത്.
ഇപ്പോഴിതാ, വിഷയത്തിൽ പ്രതികരണവുമായി വിശാൽ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സിനിമകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോളത്തെ ലക്ഷ്യമെന്നും ചന്ദ്രബാബു നായിഡുവിനെതിരെ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് താരം പറയുന്നത്. ട്വിറ്ററിലൂടെയാണ് വിശാലിന്റെ പ്രതികരണം.
Also Read: സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി: കടുവ റിലീസ് പ്രതിസന്ധിയിൽ
‘സിനിമകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തിലേക്കോ ചന്ദ്രബാബു നായിഡുവിനെതിരെ മത്സരിക്കാനോ ഉദ്ദേശിക്കുന്നില്ല. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാർത്ത ആരാണ് പുറത്തു വിട്ടത് എന്ന് അറിയില്ല. ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും കുപ്പം മണ്ഡലത്തിൽ മത്സരിക്കുമെന്നതിനെക്കുറിച്ചും അഭ്യൂഹങ്ങൾ കേൾക്കുന്നുണ്ട്. അത് ഞാൻ നിരസിക്കുകയാണ്. ഇതിനെക്കുറിച്ച് എനിക്ക് ഒട്ടും അറിവില്ല. ഈ വാർത്ത എവിടെ നിന്ന് കെട്ടിച്ചമച്ചു എന്നും മനസ്സിലാകുന്നില്ല’ വിശാൽ ട്വീറ്റ് ചെയ്തു.
അതേസമയം, എ വിനോദ് കുമാർ സംവിധാനം ചെയ്യുന്ന ലാത്തി എന്ന ചിത്രമാണ് വിശാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പൊലീസ് വേഷത്തിലാണ് വിശാൽ ചിത്രത്തിൽ എത്തുന്നത്. സുനൈന ആണ് നായിക. രമണയും നന്ദയും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.
Post Your Comments