ജോൺസൻ ജോൺ ഫെർണാണ്ടസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സാന്റാക്രൂസ്. നൂറിൻ ഷെരീഫ് ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. കേരളത്തിലെ ഒരു ഡാൻസ് ട്രൂപ്പിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. സിനിമ നാളെ തിയേറ്ററുകളിൽ റിലീസ് ചെയ്യും. രാജു ഗോപി ചിറ്റത്ത് ആണ് സിനിമ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങിൽ രാജു ഗോപി പറഞ്ഞ ചിലകാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഷേണായീസ് തിയേറ്ററിൽ കപ്പലണ്ടി കച്ചവടം നടത്തിയ ഭൂതകാലം തനിക്ക് ഉണ്ടായിരുന്നെന്നും, എന്നെങ്കിലും ഒരിക്കൽ സിനിമ പിടിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്.
രാജു ഗോപി ചിറ്റത്തിന്റെ വാക്കുകൾ
1974-76 കാലഘട്ടങ്ങളിൽ ഞാൻ ഷേണായീസ് തിയേറ്ററിൽ കപ്പലണ്ടി കച്ചവടം ചെയ്തിരുന്നു. അവിടെ അന്ന് സിനിമകൾ കാണുമ്പോൾ ഒരു സിനിമ പിടിക്കണമെന്ന് എനിക്കും മോഹം തോന്നിയിരുന്നു. 28 വർഷം മുൻപ് എന്റെ അമ്മായിയമ്മ തന്ന 5000 രൂപ കൊണ്ട് ഞാൻ ആക്രിക്കച്ചവടം തുടങ്ങി. എനിക്ക് ആരുടെയും പിന്തുണ ഉണ്ടായിട്ടില്ല. ഞാൻ ഒറ്റക്ക് തന്നെയാണ് ഇതുവരെ എത്തിയത്. പുതുമുഖങ്ങളെ വച്ച് സിനിമ ചെയ്താൽ വിജയിക്കുമോ എന്ന് എന്നോട് എല്ലാവരും ചോദിച്ചു. അതൊന്നും എനിക്ക് പ്രശ്‌നമല്ലെന്നായിരുന്നു എന്റെ മറുപടി.
Also Read: തകര്‍പ്പൻ ആക്ഷൻ രംഗങ്ങളുമായി അരുണ്‍ വിജയ്: ‘യാനൈ’ ഇന്നു മുതൽ
സിനിമ ചെയ്യാൻ എനിക്ക് പറ്റിയ ഒരാളെ കിട്ടി. ജോൺ ശരിക്കും എന്റെ കൂടപ്പിറപ്പിനെ പോലെത്തെന്നെയാണ്. ഞങ്ങൾ തമ്മിൽ ഇന്നുവരെ ഒരു കരാറും ഇല്ല. കൊച്ചി പശ്ചാത്തലമാക്കി ഒരു സിനിമ ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. ഞാൻ എല്ലാ തൊഴിലും ചെയ്തു ജീവിച്ച വ്യക്തിയാണ്. ഞാനൊരു ആക്രിക്കച്ചവടക്കാരനാണ്. മീൻ കച്ചവടം ചെയ്തിട്ടുണ്ട്. എനിക്ക് വലിയ വിദ്യാഭ്യാസമൊന്നുമില്ല. അപ്പോഴും കൊച്ചിയെയും അവിടുത്തെ ജനങ്ങളെയും എനിക്കറിയാം. അതുകൊണ്ടാണ് കൊച്ചിയുടെ കഥ പറയുന്ന സിനിമ ചെയ്തത്.
Post Your Comments