ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചീനാ ട്രോഫി എന്ന ചിത്രത്തിന് ജൂൺ 30ന് തിരുവനന്തപുരത്ത് തുടക്കമായി. ട്രിവാൻഡ്രം ക്ലബ്ബ് ഹാളിൽ മന്ത്രി സജി ചെറിയാൻ ആദ്യ ഭദ്രദീപം തെളിയിച്ചാണ് തുടക്കം കുറിച്ചത്. മാണി സി. കാപ്പൻ എംഎൽഎ, മധുപാൽ, ധ്യാൻ ശ്രീനിവാസൻ, സംവിധായകൻ അനിൽ ലാൽ, നിർമ്മാതാക്കളായ അനൂപ് മോഹൻ, ആഷ്ലി അനൂപ്, പൊന്നമ്മ ബാബു, ഉഷ എന്നിവർ ചേർന്ന് ചടങ്ങ് പൂർത്തീകരിച്ചു. രാഷ്ട്രീയ, സാമൂഹ്യ, ചലച്ചിത്ര രംഗങ്ങളിലെ നിരവധിപ്പേരുടേയും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. മധുപാൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. സംവിധായകൻ അനിൽ ലാൽ ഫസ്റ്റ് ക്ലാപ്പ് നൽകി. മന്ത്രി സജി ചെറിയാൻ, മാണി സി. കാപ്പൻ, മധുപാൽ, ഷെഫ് പിള്ള എന്നിവർ ആശംസകൾ നേർന്നു. നിർമ്മാതാവ് അനൂപ് മോഹൻ സ്വാഗതം ആശംസിച്ചു.
നവാഗതനായ അനിൽ ലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം ദേവിക രമേശാണ് നായികയായെത്തുന്നത്. പ്രസിഡൻഷ്യൽ മൂവി ഇൻ്റർനാഷണൽ ഇൻ അസ്സോസ്സിയേഷൻ വിത്ത് വർക്കേഴ്സ് ടാക്കീസിൻ്റെ ബാനറിൽ അനൂപ് മോഹനും ആഷ്ലി അനൂപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജൂലായ് രണ്ട് മുതൽ എഴുപുന്നയിൽ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കും.
Also Read: സഹോദരബന്ധത്തിന്റെ കഥ പറയുന്ന ‘പ്യാലി’: ടൈറ്റിൽ സോങ് പുറത്ത്
ഒരു ഗ്രാമത്തിൽ ബോർമ്മ നടത്തി ജീവിക്കുന്ന ഒരു സാധാരണക്കാരനായ യുവാവിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. ജോണി ആൻ്റണി, ജാഫർ ഇടുക്കി, പൊന്നമ്മ ബാബു, ഉഷ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇവർക്കൊപ്പം കെൻ ഡിസിർദോ എന്ന ചൈനീസ് താരവും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന് വേണ്ടി വർക്കി സന്തോഷ് അനിമ ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവ്വഹിക്കുന്നു.
സംഗീതം – സൂരജ് സന്തോഷ്, കലാസംവിധാനം – ആസീസ് കരുവാരക്കുണ്ട്, മേക്കപ്പ് – അമൽ ചന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ – ശരണ്യ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉമേഷ് എസ്. നായർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് – ബാദ്ഷ, ബഷീർ പി.റ്റി, പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് മുഹമ്മദ്, പി.ആർ.ഒ – വാഴൂർ ജോസ്.
Post Your Comments