സായ് പല്ലവി, റാണ ദഗ്ഗുബതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വേണു ഉഡുഗുല സംവിധാനം ചെയ്ത ചിത്രമാണ് ‘വിരാട പർവ്വം’. നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങിയത്. തെലങ്കാന മേഖലയിലെ 1990കളിലെ യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എഴുത്തുകാരനും കവിയുമായ വേണു ഉഡുഗുല ‘വിരാട പർവ്വം’ ഒരുക്കിയത്. ജൂൺ 17നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.
ഇപ്പോളിതാ, ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ജൂലൈ 1 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത് തുടങ്ങും. നെറ്റ്ഫ്ലിക്സ് ഇന്ത്യ സൗത്ത് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തെലുങ്ക്, മലയാളം, തമിഴ് എന്നീ ഭാഷകളിൽ നെറ്റ്ഫ്ലിക്സിൽ ചിത്രം കാണാൻ സാധിക്കും.
ആരണ്യ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സഖാവ് രാവണ്ണയുടെ വേഷമാണ് റാണ ചിത്രത്തിൽ അവതരിപ്പിച്ചത്. സഖാവ് രാവണ്ണയുടെ കൃതികളുടെ ആരാധികയായ വെണ്ണേലയായാണ് സായ് പല്ലവി എത്തുന്നത്. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ചിത്രം നിർമ്മിച്ചത്.
Also Read: അരുണ്‍ വിജയ് നായകനാകുന്ന ‘യാനൈ’ നാളെ മുതൽ
ഡാനി സാഞ്ചസ് ലോപ്പസ്, ദിവാകർ മണി എന്നിവരാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. സുരേഷ് ബോബിലിയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നത്. പ്രിയ മണി, നന്ദിത ദാസ്, നവീൻ ചന്ദ്ര, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Post Your Comments