നടൻ ആർ മാധവൻ കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് റോക്കട്രി ദി നമ്പി ഇഫക്റ്റ്. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. മാധവൻ തന്നെയാണ് ചിത്രത്തിൽ നമ്പി നാരായണന്റെ വേഷം അവതരിപ്പിക്കുന്നത്. ചിത്രം ജൂലൈ ഒന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഇപ്പോളിതാ, സിനിമയെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി രംഗത്തെത്തിയിരിക്കുകയാണ്. ബയോപ്പിക്കുകളുടെ ഒഴുക്കിൽ ചിത്രം വ്യത്യസ്തമാകട്ടെ എന്നാണ് മുരളി ഗോപി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ എഴുതിയത്.
മുരളി ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ഭരണ – സാമൂഹിക വ്യവസ്ഥിതി മൊത്തമായി ഒത്തുചേർന്ന് ഒരു മനുഷ്യന് നേരെ തിരിഞ്ഞാൽ എന്തൊക്കെ സംഭവിക്കാം എന്നതിന്റെ ഒരുത്തമ ദൃഷ്ടാന്തമാണ് ശ്രീ.നമ്പി നാരായണന്റെ ജീവിതയാനം. അതിതീവ്രവും അതിസാഹസികവുമായ അതിജീവനത്തിന്റെ ഒരു കഥയുണ്ടതിൽ. പറയപ്പെടേണ്ട, കേൾക്കപ്പെടേണ്ട ഒരു കഥ. ബയോപ്പിക്കുകളുടെ മടുപ്പിക്കുന്ന ആരതിയുഴിയലിനപ്പുറം ഉയർന്ന്, അതിപ്രധാനമായ ഒരു ദൃശ്യ-ശ്രവ്യ രേഖപ്പെടുത്തൽ ഈ സിനിമ സമ്മാനിക്കും എന്ന് ഒരു പ്രേക്ഷകൻ എന്ന നിലയിൽ പ്രതീക്ഷിക്കുന്നു.
Also Read: ഭീതിയുണർത്തി ഏക് വില്ലൻ റിട്ടേണ്‍സിന്റെ ട്രെയിലര്‍ പുറത്ത്
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം റിലീസ് ചെയ്യുക. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചെലവെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ അതിഥി വേഷത്തിൽ സൂര്യയും ഷാരൂഖ് ഖാനും എത്തുന്നുണ്ട്. ആർ മാധവന്റെ ട്രൈ കളർ ഫിലിംസ്, ഡോക്ടർ വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചർസ്, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27 ഇൻവെസ്റ്റ്‌മെന്റ്സ് എന്നിവയുടെ ബാനറിലാണ് റോക്കട്രി ദി നമ്പി ഇഫക്റ്റിന്റെ നിർമ്മാണം.
Post Your Comments