അദിവി ശേഷിനെ നായകനാക്കി ശശി കിരൺ ടിക്ക സംവിധാനം ചെയ്ത ചിത്രമാണ് ‘മേജർ’. പതിനാല് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ജൂൺ മൂന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് സിനിമയ്ക്ക് ലഭിച്ചത്. ആഗോളതലത്തിൽ 62 കോടി രൂപ നേടാൻ ചിത്രത്തിന് കഴിഞ്ഞു.
ഇപ്പോളിതാ, തിയേറ്റർ വിജയത്തിന് ശേഷം ‘മേജർ’ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ജൂലൈ മൂന്ന് മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് തുടങ്ങും. നെറ്റ്ഫ്ലിക്സ് ഇന്ത്യ സൗത്തിന്റെ ട്വിറ്റർ പേജിലൂടെയാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്. തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ സിനിമ കാണാൻ സാധിക്കും.
Also Read: ലൈംഗിക പീഡനം: ഗായകൻ കെല്ലിക്ക് 30 വർഷം തടവ്
നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റർടെയ്ൻമെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
2008ലെ മുംബൈ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ.എസ്.ജി കമാൻഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റ് മരിച്ചത്. സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോകചക്ര നൽകി ആദരിച്ചിരുന്നു.
Post Your Comments