ആദ്യത്തെ കണ്മണിയെ വരവേൽക്കാനൊരുങ്ങുകയാണ് താരദമ്പതികളായ ആലിയ ബട്ടും രൺബീർ കപൂറും. ഗർഭിണിയാണെന്ന സന്തോഷവാർത്ത ആലിയ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഇരുവർക്കും ആശംസകളുടെ പെരുമഴയാണ്. ആശംസകൾക്കും പ്രാർഥനകൾക്കും ആലിയ നന്ദി പറഞ്ഞിരുന്നു.
വിവാഹശേഷം ലണ്ടനിൽ പോയ ആലിയ തന്റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രമായ ഹാർട്ട് ഓഫ് സ്റ്റോണിന്റെ ഷൂട്ടിങ് തിരക്കിലാണ്. ഇതിനിടയിലാണ് ഗർഭിണിയാണെന്ന വാർത്ത താരം ആരാധകരെ അറിയിച്ചത്. ഇതോടെ ആലിയയുടെ ആരോഗ്യസംരക്ഷണത്തെ കുറിച്ചും ഗർഭകാല പരിചരണത്തെ കുറിച്ചുമെല്ലാം പോസ്റ്റുകൾ വന്നുതുടങ്ങി. ഗർഭിണിയായ ഭാര്യയെ ലണ്ടനിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ രൺബീർ പുറപ്പെട്ടു എന്ന വാർത്ത കഴിഞ്ഞ ദിവസം ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്നിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ആലിയ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
Also Read: ആഴക്കടലിലെ ആക്ഷന്‍, അടിപിടി: അടിത്തട്ട് ട്രെയ്‍ലർ എത്തി
തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്. തന്നെ ‘പിക്ക് അപ്പ്’ ചെയ്യാൻ വേറെ ആരുടെയും ആവശ്യമില്ലെന്നും താൻ ഒരു പാഴ്സൽ അല്ലെന്നുമാണ് ആലിയ കുറിച്ചത്. വാർത്തയുടെ സ്ക്രീൻ ഷോട്ടും താരം പങ്കുവെച്ചിട്ടുണ്ട്.
‘ചിലർ ഇപ്പോഴും വിചാരിക്കുന്നത് നമ്മൾ പുരുഷാധിപത്യ ലോകത്ത് ജീവിക്കുന്നു എന്നാണ്. ഞാൻ ഗർഭിണിയായതുകൊണ്ട് ഒരു ഷൂട്ടിങ്ങും വൈകിയിട്ടില്ല. ആരും എന്നെ ചുമക്കേണ്ട ആവശ്യവുമില്ല. ഞാൻ ഒരു സ്ത്രീയാണ്. പാഴ്‌സൽ അല്ല. എനിക്ക് വിശ്രമിക്കേണ്ട ആവശ്യമില്ല. അതിന് ഡോക്ടറുടെ സർട്ടിഫിക്കറ്റും ഉണ്ടെന്ന് നിങ്ങൾ അറിയുന്നത് നല്ലതാണ്. ഇത് 2022 ആണ്. ഈ പുരാതന ചിന്താഗതിയിൽ നിന്ന് ഇനിയെങ്കിലും പുറത്തുകടക്കാമോ. എങ്കിൽ ഞാൻ പോകട്ടെ. എന്റെ ഷോട്ട് റെഡിയായിട്ടുണ്ട്’, ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Post Your Comments