തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവും ബെംഗളൂരുവിൽ വ്യവസായിയുമായ വിദ്യാസാഗറിന്റെ (48) സംസ്കാരം ചെന്നൈ ബസന്റ് നഗർ ശ്മശാനത്തിൽ നടന്നു. ചൊവ്വാഴ്ച രാത്രിയാണ് വിദ്യാസാഗർ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. വിദ്യാസാഗറിന്റെ മൃതദേഹം സെയ്ദാപേട്ടയിലെ മീനയുടെ വീട്ടിൽ പൊതുദർശനത്തിനു വെച്ചു. നടൻ രജനീകാന്ത് ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകരും സുഹൃത്തുക്കളും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. രംഭ, ഖുശ്ബു, സുന്ദർ സി, പ്രഭുദേവ, ലക്ഷ്മി, ബ്രന്ദ, സ്നേഹ, റഹ്മാൻ, നാസർ, മൻസൂർ അലിഖാൻ തുടങ്ങി നിരവധിപ്പേർ മീനയെ ആശ്വസിപ്പിക്കാൻ എത്തിയിരുന്നു. ‘അമ്മ’യ്ക്കുവേണ്ടി നടൻ കൈലാഷ് റീത്ത് സമർപ്പിച്ചു.
Also Read: അത് ഒരു അഭിനയ പിസാസ്, അവളെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു: രേവതിക്ക് സ്വീകരണമൊരുക്കി സുഹൃത്തുക്കൾ
കോവിഡ് ബാധിച്ചാണ് വിദ്യാസാഗറിന്റെ മരണമെന്ന പ്രചാരണത്തെ തുടർന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യം ഇക്കാര്യത്തിൽ വിശദീകരണം നൽകി. ഏറെ നാളായി ശ്വാസകോശ രോഗങ്ങൾ അലട്ടിയിരുന്ന വിദ്യാസാഗറിനു ഡിസംബറിൽ കോവിഡ് ബാധിച്ചിരുന്നു. മീനയ്ക്കും അന്ന് കൊവിഡ് പിടിപെട്ടിരുന്നു. അസുഖം ഭേദമായശേഷവും വിദ്യാസാഗറിന് ശ്വാസകോശരോഗങ്ങൾ തുടർന്നു. ആറുമാസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിൽ അണുബാധയുണ്ടായതോടെ മാർച്ചിലാണ് നില വഷളായത്. ശ്വാസകോശം മാറ്റിവെക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് വിദ്യാസാഗറിന്റെ മരണം.
2009 ജൂലൈ 12നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്. ബാലതാരമായ നൈനിക ഏകമകളാണ്.
Post Your Comments