തെന്നിന്ത്യൻ താരം സൂര്യക്കും ബോളിവുഡ് താരം കാജോളിനും ഓസ്‍കര്‍ കമ്മിറ്റിയിലേക്ക് ക്ഷണം. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്‍സ് ആർട്‍സ് ആൻഡ് സയൻസസില്‍ അംഗമാകാനാണ് ഇരുവരെയും ക്ഷണിച്ചിരിക്കുന്നത്. കമ്മറ്റിയിലേക്ക് ക്ഷണം ലഭിച്ച മറ്റൊരു ഇന്ത്യക്കാരി സംവിധായിക റീമ കഗ്ടിയാണ്. ക്ഷണം ലഭിച്ച ഇന്ത്യക്കാരില്‍ ഡോക്യുമെന്ററി സംവിധായകരായ സുഷ്മിത് ഘോഷ്, റിന്റു തോമസ് എന്നിവരും ഉള്‍പ്പെടുന്നു. ഇത്തരത്തിൽ ക്ഷണിക്കപ്പെട്ട പ്രത്യേക അംഗങ്ങൾക്ക് വർഷം തോറും ലോസ് ഏഞ്ചൽസിൽ നടക്കുന്ന ഓസ്‌കർ അവാർഡുകൾക്ക് വോട്ട് ചെയ്യാനുള്ള അർഹതയുണ്ട്. അക്കാദമിയുടെ ഭാഗമാകാൻ 397 കലാകാരന്മാർക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇതിൽ 44 ശതമാനം സ്ത്രീകളും 50 ശതമാനം നോൺ – അമേരിക്കൻസുമാണ്. പുതിയ അംഗങ്ങളുടെ പട്ടിക അക്കാദമി ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്.
സുഷ്മിത് ഘോഷ്, റിന്റു തോമസ് എന്നിവര്‍ സംവിധാനം ചെയ്ത റൈറ്റിംഗ് വിത്ത് ഫയര്‍ എന്ന ഡോക്യുമെന്ററിക്ക് ഇത്തവണ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു. 2021ല്‍ സൂര്യ നായകനായ സൂരരൈപോട്ര് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായിരുന്നു. ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, എ ആര്‍ റഹ്മാന്‍, അലി ഫസല്‍, അമിതാഭ് ബച്ചന്‍, പ്രിയങ്ക ചോപ്ര, ഏക്ത കപൂര്‍, വിദ്യാ ബാലന്‍ തുടങ്ങിയവര്‍ ഇതിനകം തന്നെ അക്കാദമിയുടെ ഭാഗമായിട്ടുണ്ട്.
Also Read: നെഞ്ചോട് ചേർത്ത് വെക്കാൻ ‘എന്നും’: മനോഹര ഗാനമെത്തി
അതേസമയം, സൂര്യയ്ക്ക് അക്കാദമിയുടെ ക്ഷണം ലഭിച്ചത് തെന്നിന്ത്യൻ സിനിമ ലോകം ആഘോഷമാക്കിയിരിക്കുകയാണ്. തെന്നിന്ത്യൻ സിനിമയിൽ നിന്ന് ഇതാദ്യമായാണ് ഒരു അഭിനേതാവിന് അക്കാദമിയുടെ ഭാഗമാകാൻ ക്ഷണം ലഭിക്കുന്നത്. നേരത്തെ സൂര്യ നായകനായ ജയ് ഭീം എന്ന ചിത്രം ഓസ്‌കറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പ്രദർശിപ്പിച്ചിരുന്നു. 1993ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമായിരുന്നു ഇത്. സൂര്യയുടെ ബാനറായ ടു ഡി എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിച്ചത്.
Post Your Comments