CinemaGeneralIndian CinemaLatest NewsMollywood

നിയമക്കുരുക്കിൽ കടുവ: തീരുമാനം എടുക്കേണ്ടത് സെൻസർ ബോർഡെന്ന് ഹൈക്കോടതി

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന കടുവ എന്ന ചിത്രത്തെ സംബന്ധിച്ചുള്ള പരാതി പരിശോധിക്കാൻ ഹൈക്കോടതിയുടെ നിർദേശം. സെൻസർ ബോർഡിനാണ് ഹൈക്കോടതി നിർദേശം നൽകിയത്. പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചൻ നൽകിയിരിക്കുന്ന പരാതിയിലാണ് നടപടി. ജോസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സിനിമ കണ്ട് തീരുമാനം എടുക്കാനാണ് സെൻസർ ബോർഡിനോട് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. പരാതി പരിശോധിച്ചതിന് ശേഷം മാത്രമേ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാവൂ എന്നും കോടതി വ്യക്തമാക്കി. സിനിമ തനിക്കും കുടുംബത്തിനും അപകീർത്തിയുണ്ടാക്കുന്നതാണെന്ന് ആരോപിച്ചാണ് ജോസ് കുരുവിനാക്കുന്നേൽ ഹൈക്കോടതിയെ സമീപിച്ചത്.

കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന പേരിലാണ് താൻ അറിയപ്പെടുന്നതെന്നും സിനിമയിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന പേരിലാണ് നായകനെ അവതരിപ്പിച്ചിട്ടുള്ളതെന്നും ഹർജിക്കാരൻ പറയുന്നു. നേരത്തെ തന്റെ ജീവിതം സിനിമയാക്കാമെന്ന് പറഞ്ഞ് രഞ്ജിപണിക്കർ വന്നിരുന്നെന്നും എന്നാൽ അത് നടക്കാതെ പോയെന്നും ഹർജിയിൽ പറയുന്നു. ഇതിന് ശേഷമാണ് ജിനു വർഗീസ് എബ്രഹാം കടുവ എന്ന പേരിൽ സിനിമ ഒരുക്കിയതെന്നും, ഇത് തന്റെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.

Also Read:  രണ്ട് വീട് വെച്ചുകൊടുത്തതുകൊണ്ടല്ല പത്തനാപുരത്തെ ജനങ്ങൾ എനിക്ക് വോട്ടുചെയ്തത്: ഷമ്മി തിലകന് മറുപടിയുമായി ഗണേഷ് കുമാർ

അതേസമയം, കടുവയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് തമിഴ്നാട് സ്വദേശിയായ മഹേഷും കോടതിയെ സമീപിച്ചിരുന്നു. പരാതിയിൽ കോടതി ഇടപെട്ടതോടെ ജൂൺ 30ന് തിയേറ്ററിൽ എത്തേണ്ടിയിരുന്ന കടുവയുടെ റിലീസ് അനിശ്ചിതത്ത്വത്തിലാണ്. ചില അപ്രതീക്ഷിത കാരണങ്ങളെ തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയാണെന്നും ചിത്രം ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്നും പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button