CinemaGeneralIndian CinemaLatest NewsMollywood

നിശബ്ദതയാണ് എന്റെ ഏറ്റവും നല്ല മറുപടി, എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല: വിജയ് ബാബു

യുവനടിയുടെ പീഡന പരാതിയിൽ അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി നടനും നിർമ്മാതാവുമായ വിജയ് ബാബു. സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിജയ് ബാബു തന്റെ പ്രതികരണം അറിയിച്ചത്. നിശബ്ദതയാണ് എന്റെ ഏറ്റവും നല്ല മറുപടിയെന്നും എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ലെന്നുമാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്. ‘നിശബ്ദതയാണ് ഏറ്റവും മികച്ച മറുപടി’ എന്നെഴുതിയ ചിത്രവും വിജയ് ബാബു കുറിപ്പിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

’എന്തു സംഭവിച്ചാലും പ്രകോപിതനാകില്ല. ബഹുമാനപ്പെട്ട കോടതിയുടെ നിർദേശപ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി 100 ശതമാനം സഹകരിക്കുന്നുണ്ട്. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ’, എന്നാണ് വിജയ് ബാബു ഫേസ്ബുക്കിൽ എഴുതിയത്.

എറണാകുളം സൗത്ത് സ്റ്റേഷനിൽ രാവിലെ ചോദ്യം ചെയ്യലിനു ഹാജരായപ്പോഴായിരുന്നു വി‍ജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആവശ്യമെങ്കിൽ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യാനും അഞ്ചുലക്ഷം രൂപയുടെയും രണ്ട് ആൾ ജാമ്യത്തിന്റെയും പിൻബലത്തിൽ ജാമ്യം അനുവദിക്കാനും കോടതി അനുമതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണ സംഘത്തിന്റെ നടപടി. വിജയ് ബാബുവിനെ ഉച്ചയ്ക്ക് കൊച്ചിയിലെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുത്തു. ഇന്ന് മുതൽ ജൂലൈ 3 വരെയാണ് താരത്തെ ചോദ്യം ചെയ്യുക. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് ചോദ്യം ചെയ്യാൻ അനുമതി.

Also Read: പ്രധാന കഥാപാത്രങ്ങളായി ഇന്ദ്രജിത്തും നൈല ഉഷയും: കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ ഒരുങ്ങുന്നു

കഴിഞ്ഞ ഏപ്രിൽ 26നാണ് വിജയ് ബാബു പീഡനത്തിന് ഇരയാക്കിയെന്ന് നടി വെളിപ്പെടുത്തിയത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിജയ് ബാബു നടിയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയിരുന്നു. പരാതിക്ക് പിന്നാലെ വിദേശത്തേക്ക് പോയ വിജയ് ബാബു 39 ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് തിരിച്ചെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button