സിനിമ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനായി 27 അംഗങ്ങളെ ഉൾപ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. ഫിലിം ചേംമ്പറിന്റെ അധ്യക്ഷതയിൽ കൊച്ചിയിലാണ് യോഗം ചേർന്നത്. വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവിയും യോഗത്തിൽ പങ്കെടുത്തിരുന്നു. ഐസിസി എല്ലാ സംഘടനകളിലും വേണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അറിയിച്ചു. ആരെങ്കിലും രാജിവെച്ചിട്ടുണ്ടെങ്കിൽ പകരം ആളുകളെ നിയമിക്കണമെന്നും സതീദേവി നിർദേശിച്ചു.
അമ്മ, ഡബ്ല്യുസിസി തുടങ്ങിയ ഒമ്പത് സംഘടനകളിൽ നിന്നാണ് ആളുകളെ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. ഓരോ സംഘടനയിൽ നിന്നും മൂന്ന് പേർ വീതം മോണിറ്ററിംഗ് കമ്മിറ്റിയുടെ ഭാഗമാകും. കേരള ഫിലിം ചേംമ്പർ പ്രസിഡന്റ് ജി സുരേഷ്‌കുമാറാണ് കമ്മിറ്റിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. അമ്മയിൽ നിന്ന് ബാബുരാജ്, സുരേഷ് കൃഷ്ണ, ദേവി ചന്ദന എന്നിവർ മോണിറ്ററിംഗ് കമ്മിറ്റിയുടെ ഭാഗമാകും.
Also Read: നിശബ്ദതയാണ് എന്റെ ഏറ്റവും നല്ല മറുപടി, എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല: വിജയ് ബാബു
ഒരു മാസത്തിനുള്ളിൽ ഐസിസി പ്രവർത്തനം തുടങ്ങുമെന്നാണ് വിവരം. ഓരോ സിനിമ സെറ്റിലും നാല് പേരടങ്ങുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലുണ്ടാകും. അമ്മ സംഘടനയിൽ ആഭ്യന്തര പരാതി പരിഹാര സെൽ പുനഃസ്ഥാപിച്ചുവെന്ന് ദേവീ ചന്ദന അറിയിച്ചു.
ഡബ്ല്യുസിസി നടത്തിയ നിയമപോരാട്ടത്തെ തുടർന്നാണ് കഴിഞ്ഞ മാർച്ചിൽ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന് ഹൈക്കോടതി വിധി വന്നത്. ഇതേ തുടർന്ന് വനിതാ കമ്മീഷൻ വിളിച്ചു ചേർത്ത യോഗത്തിൽ സെൽ രൂപീകരിക്കുമെന്ന് വിവിധ സംഘടനകൾ വ്യക്തമാക്കിയിരുന്നു.
Post Your Comments