‘അമ്മ ക്ലബ്ബ് ആണെന്ന പ്രസ്താവന ഞെട്ടലുണ്ടാക്കി, ഇടവേള ബാബു മാപ്പ് പറയണം’: ഗണേഷ് കുമാര്‍

തിരുവനന്തപുരം: താരസംഘടന ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍ രംഗത്ത്. അമ്മ ക്ലബ്ബ് ആണെന്ന ബാബുവിന്റെ പ്രസ്താവന ഞെട്ടലുണ്ടാക്കിയെന്നും ഇടവേള ബാബു പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. ഷമ്മി തിലകന്‍ പറഞ്ഞ ചില കാര്യങ്ങള്‍ സത്യമാണെന്നും പലപ്പോഴും നല്‍കുന്ന കത്തുകള്‍ക്ക് ജനറല്‍ സെക്രട്ടറിയും, പ്രസിഡന്റും മറുപടി നല്‍കാറില്ലെന്നും ഗണേഷ് കുമാർ ആരോപിച്ചു.

‘സാധാരണ ക്ലബ്ബുകളിലുള്ള പോലെ ചീട്ടു കളിക്കാനുള്ള സൗകര്യവും ബാറിലുള്ള സൗകര്യവും അമ്മയില്‍ ഒരുക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. അമ്മ ഒരു ക്ലബ്ബല്ല, ചാരിറ്റബിള്‍ സൊസൈറ്റി ആയിട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ ഇതില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍, അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കണം. ഇടവേള ബാബുവിന്റെ പ്രസ്താവനയില്‍ വളരെ വേദന തോന്നി. അമ്മയിലെ അംഗങ്ങള്‍ വാര്‍ദ്ധക്യത്തില്‍ കഷ്ടപ്പെടാതെ, താങ്ങും തണലുമാകണമെന്ന ലക്ഷ്യത്തോടെയാണ് അമ്മ സംഘടന തുടങ്ങിയത്’, ഗണേഷ് കുമാര്‍ വ്യക്തമാക്കി.

ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ സിനിമയിലേക്ക്: ആവേശത്തിൽ റോബിൻ ആർമി

ക്ലബ്ബാണെന്ന് ഇടേവള ബാബു പറഞ്ഞപ്പോള്‍ പ്രസിഡന്റിന് തിരുത്താമായിരുന്നുവെന്നും ക്ലബ്ബ് ആയി പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍, ഇടവേള ബാബു പ്രസ്താവന പിന്‍വലിച്ച് അമ്മയിലെ അംഗങ്ങളോടും പൊതു സമൂഹത്തോടും മാപ്പുപറയണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. ആരോപണ വിധേയനായ ദിലീപ് രാജിവെച്ചതു പോലെ, വിജയ് ബാബുവും രാജിവെക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അതിജീവിത പറയുന്ന കാര്യങ്ങള്‍ അമ്മ ശ്രദ്ധിക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

‘എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ആരോ പൈസ വാങ്ങിച്ചു, പടത്തില്‍ ചാന്‍സ് കിട്ടുമെന്ന് പറഞ്ഞ് സ്വാധീനിച്ചു, എന്നെല്ലാം അതിജീവിത ആരോപിക്കുന്നു. ഇതില്‍ അമ്മ നേതൃത്വം മറുപടി നല്‍കണം. ആരോപണ വിധേയന്‍ ഗള്‍ഫിലേക്ക് പോയപ്പോള്‍, ഇടവേള ബാബുവും ഒപ്പമുണ്ടായിരുന്നതായി ആക്ഷേപമുണ്ട്. ആരോപണ വിധേയന്‍ നിരവധി ക്ലബ്ബുകളിലെ അംഗം എന്ന് അമ്മ ജനറല്‍ സെക്രട്ടറി പറയുന്നത് ആര്‍ക്കു വേണ്ടിയാണ്? ഗണേഷ് കുമാര്‍ ചോദിച്ചു.

 

Share
Leave a Comment