നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ആരോപണ വിധേയനായ നടനും നിർമ്മാതാവുമായ വിജയ് ബാബു താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തു. കൊച്ചിയിൽ നടന്ന യോഗത്തിലാണ് വിജയ് ബാബു പങ്കെടുത്തത്. കേസിൽ പ്രതിയായ ശേഷം അമ്മ എക്സിക്യൂട്ടിവിൽ നിന്ന് മാറിനിൽക്കാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നു. കേസ് അവസാനിച്ചിട്ടേ സംഘടനയിലേക്കുള്ളൂ എന്നുകാണിച്ച് വിജയ് ബാബു രാജി നൽകിയിരുന്നു. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ നിന്ന് മാറിനിന്നെങ്കിലും സംഘടന അംഗം എന്ന നിലയിലാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്തത്.
കളമശ്ശേരി ചാക്കോളാസ് പവിലിയനിലാണ് യോഗം നടക്കുന്നത്. സംഘടനയുടെ വരുമാനം ലക്ഷ്യമിടുന്ന പരിപാടികളുടെ ആവിഷ്കരണമായിരിക്കും യോഗത്തിലെ പ്രധാന വിഷയം. വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ് സംബന്ധിച്ച വിവാദങ്ങളും യോഗത്തിൽ ഉന്നയിച്ചേക്കും. നേരത്തെ, വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നടിമാരായ ശ്വേത മേനോൻ, മാലാ പാർവതി, കുക്കു പരമേശ്വരൻ എന്നിവർ ‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽനിന്ന് രാജിവച്ചിരുന്നു.
തിങ്കളാഴ്ച മുതൽ ഏഴുദിവസത്തേക്ക് തുടർച്ചയായി അന്വേഷണ സംഘം വിജയ് ബാബുവിനെ ചോദ്യം ചെയ്യാനിരിക്കുന്നതിനിടെയാണ് താരം യോഗത്തിൽ പങ്കെടുത്തത്. പീഡന പരാതിയിൽ അന്വേഷണം നേരിടുന്നയാൾ താരസംഘടനയുടെ വാർഷിക ജനറൽ ബോഡിയിൽ പങ്കെടുക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നേരത്തെ ഡബ്ല്യുസിസി അടക്കമുള്ളവർ ഈ വിഷയത്തിൽ രംഗത്തുവരികയും ചെയ്തിരുന്നു. നീതി ഒരാൾക്ക് മാത്രമായി ലഭിക്കുന്നു എന്ന ആശങ്ക അവർ പങ്കുവെച്ചിരുന്നു. സംഘടനയുടെ നടപടിയിൽ അത്ഭുതമില്ലെന്നും സ്ത്രീകളെ സംബന്ധിച്ചുള്ള വിഷയങ്ങളിൽ സംഘടന സ്വീകരിച്ചിട്ടുള്ള നിലപാട് മുമ്പും നമ്മൾ കണ്ടതാണെന്നും ഡബ്ല്യുസിസി അംഗം ദീദി ദാമോദരൻ പറഞ്ഞു.
Post Your Comments