പ്രമുഖ തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ‘ഇലവീഴാപൂഞ്ചിറ’. സൗബിൻ ഷാഹിർ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത്. സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ‘ഇലവീഴാപൂഞ്ചിറ’ എന്ന വിനോദസഞ്ചാര മേഖലയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ‘കപ്പേള’ എന്ന ചിത്രത്തിന് ശേഷം കഥാസ് അൺടോൾഡിൻ്റെ ബാനറിൽ വിഷ്ണു വേണു ആണ് ചിത്രം നിർമ്മിക്കുന്നത്. നിധീഷ്, ഷാജി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്.
ഇപ്പോളിതാ, സിനിമയുടെ ട്രെയ്‍ലർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. സരിഗമ മലയാളം എന്ന യൂടൂബ് ചാനലിലാണ് ട്രെയ്‍ലർ റിലീസ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ട്രെയ്‍ലറിന് ലഭിക്കുന്നത്. സൗബിന്റെ വ്യത്യസ്തമായ ലുക്കും അഭിനയവുമാണ് ട്രെയ്‍ലറിൽ കാണാൻ സാധിക്കുന്നത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ തന്നെയാണ് ചിത്രം എത്തുകയെന്ന സൂചനയാണ് ട്രെയ്‍ലർ നൽകുന്നത്.
Also Read: താരത്തിളക്കത്തോടെ വിക്രാന്ത് റോണ ട്രെയ്‍ലർ ലോഞ്ച് നടന്നു
സൈക്കോളജിക്കൽ ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിൽ ആദ്യമായി ഡോൾബി വിഷൻ 4 കെ.എച്ച്.ഡി.ആറിൽ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഇലവീഴാപൂഞ്ചിറ’യ്ക്കുണ്ട്. പൊലീസ് സ്റ്റോറി പറയുന്ന ചിത്രത്തിന്റേതായി നേരത്തെ റിലീസ് ചെയ്ത ക്യാരക്ടർ പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൗബിൻ ഒരു തോക്കിൽ തിര നിറയ്ക്കുന്ന രംഗമായിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്.
Leave a Comment