ബിജു മേനോൻ, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ ‘അയ്യപ്പനും കോശിയും’ മലയാളത്തിൽ വൻ ഹിറ്റായിരുന്നു. 2020 ഫെബ്രുവരിയിലായിരുന്നു ചിത്രം റിലീസായത്. വലിയ പ്രേക്ഷകപ്രീതി നേടിയ ചിത്രം തിയേറ്ററുകളിൽ സമ്പൂർണ്ണ വിജയമായിരുന്നു. ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. പിന്നീട് ‘ഭീംല നായക്’ എന്ന പേരിൽ സിനിമയുടെ തെലുങ്ക് പതിപ്പ് ഈ വർഷം റിലീസായിരുന്നു. പവൻ കല്യാൺ, റാണ ദഗുബാട്ടി എന്നിവരായിരുന്നു സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയത്.
ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു എന്ന വിവരവും അടുത്തിടെ പുറത്ത് വന്നിരുന്നു. നടൻ ജോൺ എബ്രഹാമിന്റെ പ്രൊഡക്ഷൻ ഹൗസാണ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശങ്ങൾ സ്വന്തമാക്കിയത്. 2020 മെയ് 26നായിരുന്നു ജോൺ ഹിന്ദി റീമേക്കിന്റെ പ്രഖ്യാപനം നടത്തിയത്.
Also Read: രസകരമായ നിമിഷങ്ങളുമായി ഷെയ്ൻ നിഗം: ‘ഉല്ലാസ’ത്തിലെ പുതിയ ഗാനം എത്തി
ഇപ്പോളിതാ, ചിത്രം ഹിന്ദിയിൽ ഒരുങ്ങുമ്പോൾ സിനിമയുടെ കഥയും സംവിധാനവും അനുരാഗ് കശ്യപ് നിർവ്വഹിച്ചേക്കുമെന്ന വിവരമാണ് പുറത്ത് വരുന്നത്. ജോൺ എബ്രഹാമിന്റെ ജെഎ എൻ്റർടെയ്ൻമെന്റ്സ് ഇതിനായി അനുരാഗിനെ സമീപിച്ചതായാണ് വിവരം. തിരക്കഥയോടുള്ള ജഗൻ ശക്തിയുടെ സമീപനത്തിൽ തൃപ്തനാകാതെ വാണിജ്യപരവും, പ്രാദേശിക വികാരങ്ങളെ ഉൾക്കൊള്ളുന്നതുമായി തിരക്കഥയെ മാറ്റാൻ അനുരാഗിനെ സമീപിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അനുരാഗ് കശ്യപ് ഈ ഓഫർ സ്വീകരിച്ചതായാണ് പുറത്ത് വരുന്ന സൂചനകൾ.
Post Your Comments