മലയാളികളുടെ പ്രിയപ്പെട്ട ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് വരൻ. തിരുവനന്തപുരം കഴക്കൂട്ടത്ത് എസ്എഫ്എസ് സൈബർ പാർക്കിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നടന്‍ സുരേഷ് ഗോപിയും ഗായകന്‍ ജി വേണുഗോപാലും കുടുംബത്തോടൊപ്പം ചടങ്ങിനെത്തി.
വിവാഹ ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാട് മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് വിരുന്ന് സല്‍ക്കാരം ഒരുക്കിയിരിക്കുന്നത്. മാജിക് പ്ലാനെറ്റിലെ കുട്ടികൾക്കൊപ്പം ചെലവിടാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മഞ്ജരി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. നേരത്തെ വിവാഹ ഒരുക്കങ്ങളുടെ വീഡിയോയും മഞ്ജരി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.
മസ്ക്കറ്റില്‍ ആയിരുന്നു മഞ്ജരിയുടെ പ്രാഥമിക വിദ്യാഭ്യാസം. ഇവിടെ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജറാണ് ജെറിൻ.
Also Read: ചലച്ചിത്ര താരം വി പി ഖാലിദ് അന്തരിച്ചു: മരണം വൈക്കത്തെ ഷൂട്ടിങ് ലൊക്കേഷനിൽ
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ താമരക്കുരുവിക്കു തട്ടമിട് എന്ന ഗാനം പാടി മലയാള സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയ ഗായികയാണ് മഞ്ജരി. പിന്നീട് കുറെ ഏറെ നല്ല ഗാനങ്ങൾ മഞ്ജരിയുടെ ശബ്ദത്തിൽ പിറന്നു. 2004ലെ മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡും മഞ്ജരി സ്വന്തമാക്കിയിരുന്നു.
Post Your Comments