മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. അനന്തഭദ്രം, ഉറുമി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സന്തോഷ് ശിവന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നിന്ന് പ്രേക്ഷകർ ഒരുപാട് പ്രതീക്ഷിച്ചിരുന്നെങ്കിലും ചിത്രം അതിനൊത്ത് ഉയർന്നില്ലെന്ന വിമർശനമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ജൂൺ 16ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തതോടെ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്.
ഇപ്പോളിതാ, ചിത്രത്തെ കുറിച്ച് യുവസംവിധായിക കുഞ്ഞില മാസ്സിലാമണി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ഇങ്ങനെയുള്ള സിനിമകൾക്ക് പൈസ ഇറക്കുന്നവരെ മടല് വെട്ടി അടിക്കണമെന്നാണ് കുഞ്ഞില പറയുന്നത്.
Also Read: ‘പ്രസ്താവന തിരുത്തണം, ഓണംകേറാ മൂലയല്ല അഭിമാനമാണ് തിരുവമ്പാടി’: ധ്യാൻ ശ്രീനിവാസനെതിരെ ലിന്റോ ജോസഫ്
കുഞ്ഞില മാസ്സിലാമണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ഞാൻ ജാക്ക് ആൻഡ് ജിൽ സിനിമ മുഴുവൻ ഇരുന്ന് കണ്ടു. അതിന് തന്നെ വേണം ഒരു പ്രത്യേക കഴിവ്. പക്ഷേ ഇങ്ങനെ ഒരു സിനിമ എടുക്കാൻ തീരുമാനിച്ച് അതിന് പൈസ ഇറക്കാൻ ആളുകളെ സമീപിക്കാനാണ് ഏറ്റവും കഴിവ് വേണ്ടത്. ഇതിനൊക്കെ പൈസ ഇറക്കുന്നവരെ മടല് വെട്ടി അടിക്കണം. എന്താ ഇവരുടെ ഒക്കെ വിചാരം? മനുഷ്യരൊക്കെ വിഡ്ഢികളാണെന്നോ? ഉളുപ്പുണ്ടോ നിങ്ങക്ക്? പൈസയ്ക്ക് പഞ്ഞമില്ല. കോണ്ടാക്ട്സ്, കണക്ഷൻസ് ഒന്നിനും ഒരു കുറവുമില്ല. അഭിനയിക്കാൻ വലിയ താരങ്ങളുടെ ഡേറ്റ് കിട്ടാൻ പ്രയാസമില്ല. എന്നിട്ട് ഇതൊന്നും ഇല്ലാതെ സിനിമ എടുക്കാൻ അലഞ്ഞലഞ്ഞ് നടക്കുന്ന ഒരു വലിയ വിഭാഗം ആൾക്കാരുള്ള ഒരു സ്ഥലത്തിരുന്ന് ഈ ധൂർത്ത് ചെയ്യാൻ എങ്ങനെ ധൈര്യം വരുന്നു? കുട്ടികൾ പട്ടിണി കിടന്ന് മരിക്കുമ്പോ ഭക്ഷണം വേസ്റ്റ് ചെയ്യാൻ പാടില്ല എന്ന് പറയുന്ന മാതാപിതാക്കളോട് എനിക്ക് വലിയ യോജിപ്പൊന്നുമില്ല. എന്നാ സിനിമ ചെയ്യാൻ ആഗ്രഹിച്ച് നടക്കുന്ന ആളുകളുടെ ഇടയിലെ ഏറ്റവും മോശം കഥയ്ക്ക് പോലും ഇതിനേക്കാൾ സത്യസന്ധതയും നിലവാരവും ഉണ്ടാവും എന്ന് ഉറപ്പുള്ളപ്പോൾ, എല്ലാ പ്രിവിലേജും ഉള്ള ആളുകൾ ഇങ്ങനെയുള്ള സിനിമകൾ എടുക്കുന്നതിൽപ്പരം അശ്ലീലമില്ല.
Post Your Comments