അജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി എച്ച് വിനോദ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ മഞ്ജു വാര്യർ നായികയായെത്തുമെന്ന വാർത്ത നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഈ വാർത്ത ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ‘എകെ 61’ എന്നാണ് ചിത്രത്തിന് താത്കാലിക നാമം നൽകിയിരിക്കുന്നത്. ഇപ്പോളിതാ, സിനിമയുടെ സെറ്റിൽ മഞ്ജു വാര്യർ ജോയിൻ ചെയ്തു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പുതുമയുള്ള ഒരു ജോഡിയെ വച്ച് സിനിമ ചെയ്യണം എന്ന സംവിധായകന്റെ ആഗ്രഹത്തിൽ നിന്നാണ് മഞ്ജുവിനെ നായികയായി തെരഞ്ഞെടുത്തതെന്നാണ് വിവരം. മഞ്ജു കഥാപാത്രത്തിന് അനുയോജ്യയായിരിക്കുമെന്ന് തോന്നുകയും ഈ വർഷം ആദ്യം തന്നെ താരത്തെ സമീപിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. നേരത്തെ അസുരൻ എന്ന തമിഴ് ചിത്രത്തിലും മഞ്ജു അഭിനയിച്ചിരുന്നു. മികച്ച അഭിപ്രായമായിരുന്നു താരത്തിന്റെ കഥാപാത്രത്തിന് ലഭിച്ചത്. ധനുഷിന്റെ നായികയായിട്ടായിരുന്നു മഞ്ജു അസുരനിൽ അഭിനയിച്ചത്.
Also Read: ലിയോ തദേവൂസിന്റെ പന്ത്രണ്ട് തിയേറ്ററിലേക്ക്: പ്രധാന വേഷത്തിൽ ദേവ് മോഹനും വിനായകനും
നേർക്കൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത്തും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. പാൻ ഇന്ത്യൻ റിലീസായി ചിത്രം പുറത്തിറക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. ബോണി കപൂറാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഹൈദരബാദിലാണ്. നിലവിൽ അജിത്ത് യുകെ യാത്രയിലാണ്. താരത്തിന്റെ യുകെ യാത്രയ്ക്ക് ശേഷം രണ്ടാം ഷെഡ്യൂൾ പൂനെയിൽ ആരംഭിക്കും.
Post Your Comments