തെന്നിന്ത്യയുടെ സൂപ്പർ താരം വിജയ്ക്ക് ഇന്ന് നാൽപ്പത്തിയെട്ടാം പിറന്നാൾ. വ്യത്യസ്തമായ വേഷങ്ങളിലൂടെ ആരാധക മനസ്സ് കീഴടക്കിയ താരമാണ് വിജയ്. നിരവധി ആരാധകരും താരങ്ങളുമാണ് വിജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്.
എസ്. ചന്ദ്രശേഖർ – ശോഭ ചന്ദ്രശേഖർ ദമ്പതികളുടെ മകനായി ചെന്നൈയിൽ 1974 ജൂൺ 22 നാണ് വിജയ് ജനിച്ചത്. ജോസഫ് വിജയ് ചന്ദ്രശേഖർ എന്നാണ് താരത്തിന്റെ മുഴുവൻ പേര്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് വിജയ്. ബാലതാരമായിട്ടായിരുന്നു വിജയ്യുടെ സിനിമാ അരങ്ങേറ്റം. പിന്നീട്, യൗവനത്തിൽ കുറച്ച് പ്രേമചിത്രങ്ങൾ ചെയ്തതിലധികവും പരാജയമായിരുന്നു. എന്നാൽ, തോറ്റ് പിൻമാറാതെ പിന്നീടങ്ങോട്ട് വിജയ് വിജയ ചിത്രങ്ങളുടെ തോഴനായി.1996 ൽ റിലീസ് ചെയ്ത പൂവേ ഉനക്കാഗ എന്ന ചിത്രത്തിലൂടെയാണ് താരമായി മാറിയത്. ഗില്ലി, തിരുപ്പാച്ചി, ശിവകാശി, പോക്കിരി, വേട്ടൈക്കാരൻ, കാവലൻ, നൻപൻ, തുപ്പാക്കി, കത്തി, സർക്കാർ, തെറി, ബിഗിൽ, മാസ്റ്റർ, ബീസ്റ്റ് എന്നിവയാണ് വിജയ് അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രങ്ങൾ.
പതിയെ വിജയ് പടങ്ങൾ രാഷ്ട്രീയം പറഞ്ഞുതുടങ്ങി. കേന്ദ്രസർക്കാരിനെതിരെ വിമർശനങ്ങൾ വന്നതോടെ വിജയ് വിവാദങ്ങളിലും പെട്ടു. എൻഫോഴ്സ്മെൻറിൻറെ ചോദ്യം ചെയ്യലും ഉണ്ടായി. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു, താരം സൈക്കിളിൽ വോട്ട് ചെയ്യാനെത്തുന്നു, ആരാധക സംഘടന നൂറിലധികം തദ്ദേശ സീറ്റുകൾ ജയിക്കുന്ന സ്വാധീന ശക്തിയാകുന്നു, സജീവ രാഷ്ട്രീയ പ്രവേശത്തിന്റെ സൂചനകൾ നൽകിയും പിന്മാറിയുമെല്ലാം വാർത്തയാകുമ്പോഴും വിജയ് എന്ന നടന്റെ താരമൂല്യം ഉയർന്നു കൊണ്ടേയിരുന്നു.
കരിയറിലെ അറുപത്തിയാറാം സിനിമയുടെ തിരക്കിലാണ് വിജയ് ഇപ്പോൾ. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വാരിസുവിൽ രശ്മിക മന്ദാനയാണ് വിജയ്യുടെ നായികയായെത്തുന്നത്.
Post Your Comments