മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വിൻസി അലോഷ്യസ്. നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിൻസി മലയാളികൾക്ക് പരിചിതയാകുന്നത്. പിന്നീട് നിരവധി സിനിമകളിലും വിൻസി വേഷമിട്ടു. ഇപ്പോളിതാ, ലാൽ ജോസ് സംവിധാനം ചെയ്യുന്ന സോളമൻ്റെ തേനീച്ചകൾ എന്ന ചിത്രത്തിലെ വിൻസിയുടെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. പൊലീസ് വേഷത്തിലാണ് വിൻസി സിനിമയിൽ എത്തുന്നത്. കുസൃതി നിറഞ്ഞ ചിരിയുമായി നിൽക്കുന്ന വിൻസിയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഗ്ലൈന എന്നാണ് കഥാപാത്രത്തിൻ്റെ പേര്.
നായിക നായകൻ റിയാലിറ്റി ഷോ വിജയികളെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജോസ് ഒരുക്കുന്ന ചിത്രമാണ് സോളമൻ്റെ തേനീച്ചകൾ. ജോജു ജോർജ് ആണ് ചിത്രത്തിൽ നായകൻ. സോളമൻ എന്ന കഥാപാത്രമായാണ് ജോജു അഭിനയിക്കുന്നത്. ജോണി ആൻ്റണി ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നത്.
Also Read: അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ: വരാൽ അവസാന ഷെഡ്യൂൾ ലണ്ടനിൽ
ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പി ജി പ്രഗീഷ് ആണ്. ബിജു മേനോനെ നായകനാക്കി ലാൽ ജോസ് ഒരുക്കിയ നാൽപ്പത്തിയൊന്ന് എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതും പ്രഗീഷ് ആയിരുന്നു. എൽ ജെ ഫിലിംസിൻ്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. അജ്മൽ സാബു ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. വിദ്യാസാഗർ ആണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ഒൻപത് വർഷങ്ങൾക്ക് ശേഷം വിദ്യാസാഗറും ലാൽ ജോസും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സോളമൻ്റെ തേനീച്ചകൾക്കുണ്ട്.
Post Your Comments