വിവാദങ്ങൾ ഒഴിയാതെ പൃഥ്വിരാജ് ചിത്രം കടുവ. കടുവയുടെ കഥ മോഷ്ടിച്ചതാണ് എന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ജൂൺ മുപ്പതിന് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാനിരിക്കെയാണ് പുതിയ വിവാദം. തമിഴ്നാട് സ്വദേശി മഹേഷാണ് തന്റെ കഥ മോഷ്ടിച്ചെന്ന് ആരോപിച്ച് കോടതിയെ സമീച്ചത്. പാലാ സബ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവിനുള്ള അപേക്ഷ പരിഗണിക്കാത്തതിനെ തുടർന്ന് മഹേഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തിരക്കഥാകൃത്ത് ജിനു വർഗീസ് എബ്രഹാം, നിർമ്മാതാവ് സുപ്രിയ മേനോൻ തുടങ്ങിയവർക്ക് കോടതി നോട്ടീസ് അയച്ചു.
ഇതിന് മുൻപ് കടുവയ്ക്ക് കോടതിയുടെ സ്‌റ്റേ ഉണ്ടായിരുന്നു. കുരുവിനാക്കുന്നിൽ കുറുവാച്ചൻ എന്ന ജോസ് കുറുവാച്ചന്റെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രത്തിനെതിരെ കുറുവാച്ചൻ തന്നെയാണ് ഹർജി നൽകിയത്. ചിത്രം തനിക്ക് മാനസിക വിഷമതകൾ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകിയിരുന്നത്. പിന്നീട് സ്റ്റേ കോടതി പിൻവലിക്കുകയായിരുന്നു.
Also Read: ‘ആദ്യം മനുഷ്യത്വം, ഞങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ട്’: സായ് പല്ലവിയ്ക്ക് പിന്തുണയുമായി പ്രകാശ് രാജ്
ഷാജി കൈലാസ് എട്ട് വർഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് കടുവ. വിവേക് ഒബ്രോയ് ആണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംയുക്ത മേനോൻ, സിദ്ദിഖ്, വിജയരാഘവൻ, സുദേവ് നായർ, സീമ, അർജുൻ അശോകൻ, കലാഭവൻ ഷാജോൺ, അജു വർഗീസ്, സായ്‌കുമാർ, ദിലീഷ് പോത്തൻ, രാഹുൽ മാധവ്, ജനാർദ്ദനൻ, പ്രിയങ്ക നായർ, മീനാക്ഷി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Post Your Comments