ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ജയ ജയ ജയ ജയഹേ’. വിപിൻ ദാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് സെറ്റിലേക്ക് ഒരു സർപ്രൈസ് അതിഥി എത്തിയത്. മറ്റാരുമല്ല ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സഞ്ജു സാംസൺ സിനിമാ സെറ്റിലെത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ബേസിൽ ജോസഫുമായി അടുത്ത സൗഹൃദം പുലർത്തുന്നയാളാണ് സഞ്ജു സാംസൺ. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അയർലാൻഡിന് എതിരെയുള്ള പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു ട്രെയിനിങ് സെഷനുകൾക്ക് വേണ്ടി പോകുന്നതിനു മുൻപാണ് സുഹൃത്തിന്റെ ചിത്രത്തിന്റ സെറ്റിൽ എത്തിയത്. ബേസിലും സംവിധായകൻ വിപിനും വലിയ ക്രിക്കറ്റ് പ്രേമികളാണ്.
Also Read: ബോക്സ് ഓഫീസിൽ തേരോട്ടം തുടർന്ന് വിക്രം: തമിഴ്നാട്ടിൽ നിന്ന് മാത്രം വാരിക്കൂട്ടിയത് 150 കോടി
ചിയേർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേർന്നു നിർമ്മിക്കുന്ന ചിത്രമാണ് ‘ജയ ജയ ജയ ജയഹേ’. സംവിധായകൻ വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണ് ‘ജയ ജയ ജയ ജയഹേ’യുമായി വിപിൻ ദാസ് എത്തുന്നത്.
Post Your Comments