
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് രവീണ ടണ്ടൻ. കെ.ജി.എഫ് ചാപ്റ്റർ 2 എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവാണ് താരം നടത്തിയത്. ഇപ്പോളിതാ,
അഗ്നിപഥ് സൈനിക പദ്ധതിക്കെതിരെ പ്രതിഷേധം നടത്തുന്നവരെ പരിഹസിച്ച് രംഗത്തെത്തിയതോടെ രവീണ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ബീഹാറിലെ അറയിൽ പ്രതിഷേധം നടത്തുന്നവരുടെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചുകൊണ്ട് രവീണ നടത്തിയ പ്രതികരണമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ’23 വയസ്സുള്ള ഉദ്യോഗാർത്ഥി പ്രതിഷേധിക്കുന്നു’,എന്നായിരുന്നു വീഡിയോ പങ്കുവച്ചുകൊണ്ട് രവീണ കുറിച്ചത്. മധ്യവയസ്കരായവർ പ്രതിഷേധിക്കുന്നതിനെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്ത താരത്തെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
എന്ത് യുക്തിയാണ് നടിയുടെ പ്രതികരണത്തിന് പിന്നിലുള്ളതെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. സ്ത്രീകൾക്കെതിരെ നിയമമുണ്ടായാൽ അവർ മാത്രമാണോ പ്രതിഷേധിക്കേണ്ടതെന്നും ചിലർ ചോദിക്കുന്നുണ്ട്. പ്രതിഷേധത്തിന് പ്രായപരിധിയില്ലെന്നും ശീതീകരിച്ച മുറിയിൽ നിന്നും പുറത്തിറങ്ങി കാര്യങ്ങൾ നോക്കിക്കണ്ടിട്ട് വേണം അഭിപ്രായം പറയാനെന്നുമുള്ള മറുപടി ട്വീറ്റുകളും രവീണയ്ക്ക് കിട്ടുന്നുണ്ട്.
Also Read: മത്സ്യത്തൊഴിലാളികളുടെ കഥ പറയുന്ന ‘അടിത്തട്ട്’ റിലീസിനൊരുങ്ങുന്നു: തീയതി പ്രഖ്യാപിച്ചു
അതേസമയം, അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധം വിവിധ സംസ്ഥാനങ്ങളിൽ തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി പന്ത്രണ്ടോളം ട്രെയിനുകൾ പ്രതിഷേധക്കാർ കത്തിച്ചു. ബിഹാർ, തെലങ്കാന, രാജസ്ഥാൻ, ഹരിയാന, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം ആളിപ്പടരുന്നത്.
Post Your Comments