പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച എ ശാന്തൻ അനുസ്മരണ ചടങ്ങില്‍ നിന്നും നടൻ ഹരീഷ് പേരടിയെ വിലക്കിയ സംഭവം വിവാദമായിരുന്നു. കഴിഞ്ഞ ദിവസമാണ് ചടങ്ങില്‍ നിന്നും തന്നെ വിലക്കിയതായി ഹരീഷ് പേരടി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഹരീഷ് ആയിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. എന്നാൽ, ചടങ്ങിലേക്ക് പുറപ്പെട്ടതിന് ശേഷം സംഘാടകര്‍ തന്നെ വിളിച്ച്, വരണ്ടെന്ന് അറിയിച്ചുവെന്നാണ് ഹരീഷ് പറഞ്ഞത്.
ഇപ്പോളിതാ, സംഭവത്തിന് ഹരീഷ് പേരടിയെ പിന്തുണച്ച സംവിധായകൻ ജിയോ ബേബി രംഗത്തെത്തിയിരിക്കുകയാണ്. പ്രത്യേക രാഷ്ട്രീയ സാഹചര്യത്താല്‍ ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് സംഘാടകര്‍ ഹരീഷ് പേരടിയെ അറിയിച്ചിരുന്നതെന്ന് താരം വെളിപ്പിടുത്തിയിരുന്നു. എന്നാൽ, എന്താണ് ആ പ്രത്യേക രാഷ്ട്രീയ സാഹചര്യം എന്നാണ് ജിയോ ബേബി ചോദിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘എന്താണ് ആ പ്രത്യേക രാഷ്ട്രീയ സാഹചര്യം? പുരോഗമന കലാ സാഹിത്യ സംഘമേ’, എന്നാണ് ജിയോ ബേബി ഫേസ്ബുക്കിൽ കുറിച്ചത്. ചടങ്ങില്‍ നിന്നും വിലക്കിയതുമായി ബന്ധപ്പെട്ട് ഹരീഷ് പേരടി സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ടും ജിയോ ബേബി കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
Also Read: മറ്റുള്ളവർക്കായി ഏതുനേരവും ‘പ്രിയൻ ഓട്ടത്തിലാണ്’: ആദ്യ ഗാനം എത്തി
അതേസമയം, മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനും എതിരായ വിമര്‍ശനം അതിരുകടന്ന് അധിക്ഷേപമായി മാറിയതിനാലാണ് ഹരീഷ് പേരടിയെ വിലക്കിയതെന്നായിരുന്നു പു.ക.സയുടെ വിശദീകരണം. വലതുപക്ഷ ഗൂഢാലോചനക്ക് ഒപ്പം നില്‍ക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്നും പു.ക.സ ആരോപിച്ചു.
Post Your Comments