കാശ്മീരി പണ്ഡിറ്റുകളെ കുറിച്ചും പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളെ കുറിച്ചുമുള്ള പരാമർശത്തിൽ നടി സായ് പല്ലവിക്കെതിരെ കേസെടുത്തു. ബജ്റംഗ് ദൾ നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈദരാബാദിലെ സുൽത്താൻ ബസാർ പോലീസ് കേസെടുത്തത്. കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആൾകൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്നായിരുന്നു താരത്തിന്റെ പരാമർശം. വിരാട പർവ്വം എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറഞ്ഞത്.
‘കാശ്മീർ ഫയൽസ് എന്ന സിനിമയിൽ കാശ്മീരി പണ്ഡിറ്റുകൾ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് അവർ കാണിച്ചു. നിങ്ങൾ അതിനെ മത സംഘർഷമായി കാണുന്നുവെങ്കിൽ, കൊവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയിൽ കൊണ്ടുപോയതിന് ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലർ കൊലപ്പെടുത്തിയത് കൂടി നോക്കണം. ഈ രണ്ട് സംഭവങ്ങൾക്കും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. മതത്തിന്റെ പേരിൽ ആരെയും വേദനിപ്പിക്കരുത്’, എന്നായിരുന്നു സായ് പല്ലവി പറഞ്ഞത്.
Also Read: ‘പരാന്നജീവികളുടെ അടിമക്കൂട്ടം’; ഹരീഷ് പേരടിയെ പിന്തുണച്ച് ബൽറാം
നടിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വ്യാപകമായ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ നടന്നത്. താരത്തിന്റെ സിനിമകൾ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ‘ബോയിക്കോട്ട് സായ് പല്ലവി’ എന്ന ഹാഷ് ടാഗോടെ ട്വിറ്ററിൽ വിദ്വേഷ പ്രചരണവും നടന്നിരുന്നു.
Post Your Comments