
കൃഷ്ണ ശങ്കറിനെ നായകനാക്കി ശ്യാം മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് കൊച്ചാള്‍. ചിത്രം മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. എന്നാൽ, ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ആവശ്യമായ പ്രചരണം നല്‍കുന്നില്ലെന്ന് ചില പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേക്കുറിച്ചുള്ള തന്റെ പ്രതികരണം അറിയിക്കുകയാണ് കൃഷ്ണശങ്കര്. സോഷ്യല്‍ മീഡിയയിലൂടെയാണ് കൃഷ്ണ ശങ്കറിന്റെ പ്രതികരണം.
‘ഈ സിനിമ നിങ്ങളിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ എന്തുകൊണ്ടാണ് ഇത് നിങ്ങളിലേക്ക് എത്താത്തത് എന്ന് സത്യമായിട്ടും ഞങ്ങള്‍ക്ക് മനസിലാവുന്നില്ല. 2019ലാണ് ഈ സിനിമ തുടങ്ങിയത്. മൂന്ന് വര്‍ഷത്തെ ഞങ്ങളുടെ അധ്വാനവും പ്രതീക്ഷയുമാണ് ജൂണ്‍ 10ന് നിങ്ങളുടെ മുന്നില്‍ എത്തിയ സിനിമ, കൊച്ചാള്‍. അത് നിങ്ങളിലേക്ക് എത്തിക്കാന്‍ ഇപ്പോഴും ഞങ്ങളാല്‍ ആവുംവിധം ശ്രമിക്കുന്നുണ്ട്’.
‘ഇനി നിങ്ങള്‍ കൂടി ഒന്ന് ശ്രമിച്ചാല്‍, സിനിമ കണ്ട പ്രേക്ഷകരുടെ അടുത്താണ് പറയുന്നത്. ചിത്രം കാണാത്ത ഒരുപാട് പേരിലേക്ക് എത്തിക്കാന്‍ സാധിക്കും. കാരണം, ഇത് നിങ്ങള്‍ കാണേണ്ട ഒരു നല്ല സിനിമയാണ്. അത് ആളുകള്‍ കാണണമെന്ന് ഭയങ്കരമായിട്ട് ആഗ്രഹമുണ്ട്. പടം കാണാത്തവര്‍ കണ്ടവരോട് ചോദിച്ച് നോക്കു, അവര്‍ മോശമാണെന്ന് പറഞ്ഞാല്‍ നിങ്ങളാരും കാണണ്ട ഈ സിനിമ. പക്ഷേ അവര്‍ കൊള്ളാം എന്ന് പറഞ്ഞാല്‍ നിങ്ങള്‍ കുടുംബസമേതം ഈ സിനിമ തിയേറ്ററില്‍ പോയി ഒന്ന് കാണണം. കാരണം, ഇത്തരം ചെറിയ നല്ല സിനിമകള്‍ വല്ലപ്പോഴുമേ സംഭവിക്കൂ’ കൃഷ്ണ ശങ്കർ പറഞ്ഞു.
Post Your Comments