തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് സായ് പല്ലവി. പ്രേമം എന്ന ചിത്രത്തിലൂടെയാണ് നടി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചത്. പിന്നീട് കലി, അതിരൻ തുടങ്ങിയ ചിത്രങ്ങളിലൂടെയും താരം മികച്ച പ്രകടനം നടത്തി. ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മതങ്ങളുടെ പേരിൽ നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ചാണ് സായ് പല്ലവി പറയുന്നത്. കശ്മീരി പണ്ഡിറ്റുമാരുടെ കൊലപാതകവും പശുവിനെ കൊണ്ടുപോയതിന് ഒരാളെ കൊന്നതും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നാണ് നടി പറയുന്നത്.
‘ഞാൻ വളർന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞു നിൽക്കുന്ന കുടുംബത്തിലല്ല. ഇടത്, വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ല. എന്നോട് നല്ല മനുഷ്യനാകാനാണ് കുടുംബം പറഞ്ഞത്. അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി പ്രതികരിക്കുക. ആ നിലപാട് പ്രധാനമാണ്. നിങ്ങൾ നല്ല ഒരു വ്യക്തിയാണെങ്കിൽ തെറ്റിനെ പിന്തുണയ്ക്കുകയില്ല. കൂടാതെ, കശ്മീർ ഫയൽസ് എന്ന സിനിമയിൽ കശ്മീരി പണ്ഡിറ്റുമാർ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് അവർ കാണിച്ചു. നിങ്ങൾ അതിനെ മത സംഘർഷമായി കാണുന്നുവെങ്കിൽ, കൊവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയിൽ കൊണ്ടുപോയതിന് ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലർ കൊലപ്പെടുത്തിയത് കൂടി നോക്കണം. ഈ രണ്ട് സംഭവങ്ങൾക്കും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. മതത്തിന്റെ പേരിൽ ആരെയും വേദനിപ്പിക്കരുത്’, സായ് പല്ലവി പറഞ്ഞു.
Also Read: ആ കഥാപാത്രം സൂര്യ ചെയ്യില്ലെന്ന് കരുതി, പക്ഷെ സംഭവിച്ചത് ഇതാണ്: ലോകേഷ് പറയുന്നു
റാണ ദഗുബാട്ടി നായകനാകുന്ന തെലുങ്ക് ചിത്രം വിരാട പർവ്വമാണ് സായ് പല്ലവിയുടേതായി ഇനി വരാനിരിക്കുന്ന ചിത്രം. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നന്ദിത ദാസ്, പ്രിയ മണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീൻ ചന്ദ്ര തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Post Your Comments