മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പ് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. ചന്ദ്രമുഖി 2 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചന്ദ്രമുഖി 2 എന്ന ചിത്രത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത് ഇപ്പോഴാണ്. നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് പ്രഖ്യാപനം നടന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.
പി വാസുവിന്റെ സംവിധാനത്തിൽ 2005ൽ ആണ് രജനികാന്തിനെ നായകനാക്കി ചന്ദ്രമുഖി പുറത്തിറങ്ങിയത്. തമിഴ്നാട്ടിലെ തിയേറ്ററുകളിൽ രണ്ടര വർഷത്തോളം കളിച്ച് വൻ പ്രദർശനവിജയം നേടിയ ചിത്രമായിരുന്നു ചന്ദ്രമുഖി. എന്നാൽ, ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമ്പോൾ രജനികാന്തിന് പകരം കേന്ദ്ര കഥാപാത്രമായി എത്തുന്നത് രാഘവ ലോറൻസ് ആണ്. ലോറൻസിനൊപ്പം വടിവേലുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചന്ദ്രമുഖിയിലും വടിവേലു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
Also Read: ‘വാശി’യോടെ ടൊവിനോയും കീർത്തിയും: ട്രെയ്ലർ എത്തി
കാഞ്ചന 3 എന്ന ചിത്രത്തിന്റെ നിർമ്മാതാവുമായി കൈകോർത്താണ് ചന്ദ്രമുഖി 2 ഇറക്കുകയെന്ന് ലോറൻസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പിന്നീട് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല. ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾ അവസാനിച്ചതോടെയാണ് സിനിമയുടെ പ്രഖ്യാപനം ഉണ്ടായത്. എം എം കീരവാണിയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ആർ ഡി രാജശേഖർ ആണ് ഛായാഗ്രഹണം. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Post Your Comments