പൃഥ്വിരാജ് – ബ്ലെസി കൂട്ടുക്കെട്ടിൽ അണിയറയിൽ ഒരുങ്ങുന്ന ആടുജീവിതം സിനിമയുടെ ജോർദാൻ ഷെഡ്യൂൾ പൂർത്തിയായി. മൂന്നുമാസത്തെ ചിത്രീകരണമായിരുന്നു വിദേശത്ത് നടന്നത്. മാർച്ച് പതിനാറിനാണ് ചിത്രത്തിൻ്റെ ഷൂട്ട് ജോർദാനിൽ തുടങ്ങുന്നത്. എന്നാൽ, കൊവിഡിൻറെ പശ്ചാത്തലത്തിൽ ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ചതോടെ ഏപ്രിൽ ഒന്നിന് ചിത്രീകരണം ഇടയ്ക്കു നിർത്തിവയ്ക്കേണ്ടിവന്നു. നിന്നുപോയിരുന്ന ചിത്രീകരണം ഏപ്രിൽ 24ന് ജോർദാനിലെ വാദിറാമിൽ പുനരാരംഭിച്ചിരുന്നു. നാൽപ്പതു ദിവസം സഹാറ മരുഭൂമിയിലും 35 ദിവസത്തോളം ജോർദാനിലെ വാദിറാമിലും ആണ് ചിത്രീകരണം നടന്നത്. നിലവിലെ ഷെഡ്യൂൾ പൂർത്തിയായ വിവരം പൃഥ്വിരാജ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഷെഡ്യൂൾ അവസാനിച്ചു വീട്ടിലേക്ക് തിരിച്ചുവരുന്നു എന്ന ക്യാപ്ഷനോടുകൂടി ചിത്രത്തിൻ്റെ ലോക്കേഷന്റെ ദൃശ്യങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
ഓസ്കർ പുരസ്കാര ജേതാവായ എ.ആർ റഹ്‍മാൻ നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ആടുജീവിതം. എ.ആർ റഹ്‍മാൻ ജോർദാനിലെ ആടുജീവിതം ലൊക്കേഷനിൽ സന്ദർശനം നടത്തിയ കാര്യം പൃഥ്വിരാജ് അടുത്തിടെ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു.
Also Read: ‘ഒരു പക്കാ നാടൻ പ്രേമം’ 24ന് തീയേറ്ററുകളിലെത്തുന്നു
ബെന്യാമിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ആടുജീവിതം. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ ബ്ലെസി തന്നെയാണ്. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
Post Your Comments