മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാന്തി കൃഷ്ണ. ആദ്യ കാലങ്ങളിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ ശാന്തി കൃഷ്ണ മലയാളികൾക്ക് സമ്മാനിച്ചു. പിന്നീട് സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്തെങ്കിലും, താരം ഇപ്പോൾ വീണ്ടും അഭിനയ രംഗത്ത് സജീവമാകുകയാണ്. ഇപ്പോളിതാ, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനാജനകമായ നിമിഷങ്ങള്‍ പങ്കുവയ്ക്കുകയാണ് നടി. ഒരു മാധ്യമ പരിപാടിക്കിടെയാണ് ശാന്തിയുടെ തുറന്നു പറച്ചിൽ. അച്ഛന്റെ മരണവും അതുമൂലമുണ്ടായ ദുഃഖവുമാണ് ശാന്തി പറയുന്നത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നായിരുന്നു ശാന്തി കൃഷ്ണയുടെ അച്ഛൻ മരിച്ചത്.
ശാന്തി കൃഷ്ണയുടെ വാക്കുകൾ:
ഞങ്ങളുടെ കൂടെ ബെംഗളൂരുവിൽ തന്നെയായിരുന്നു അച്ഛനും താമസം. 92 വയസായിരുന്നു അച്ഛന്റെ പ്രായം. കൊവിഡ് തുടങ്ങുന്ന 2020ലാണ് അച്ഛന് രോഗം ബാധിക്കുന്നത്. എങ്ങനെ കൊവിഡ് ബാധിച്ചു എന്നത് ഇപ്പോഴും അറിയില്ല. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രായം പ്രധാന വെല്ലുവിളിയായിരുന്നു. അന്ന് വാക്‌സീന്‍ പോലും കണ്ടുപിടിച്ചിട്ടില്ല. പ്രായം ഇത്രയായതുകൊണ്ട് തന്നെ റിസ്‌കാണെന്ന കാര്യം ഡോക്ടര്‍മാര്‍ തന്നെ പറഞ്ഞു. രണ്ടാഴ്ചയോളം അച്ഛന്‍ ആശുപത്രിയില്‍ കഴിഞ്ഞെങ്കിലും ഞങ്ങള്‍ക്ക് ആര്‍ക്കും തന്നെ പോയി കാണാന്‍ കഴിഞ്ഞിരുന്നില്ല.
ദൈവത്തിനോട് പോലും ദേഷ്യം തോന്നിയ നിമിഷങ്ങളായിരുന്നു അത്. അച്ഛനുമായി അത്രയും അടുപ്പമായിരുന്നു എനിക്ക്. മനസ്സിന് ശാന്തി ഉണ്ടായി എന്ന് പറഞ്ഞാണ് അച്ഛന്‍ തനിക്ക് ശാന്തി എന്ന് പേരിട്ടത്. ഞാന്‍ അച്ഛന്റെ പെറ്റായിരുന്നു.
അച്ഛനെ അവസാന നിമിഷം കാണാന്‍ സാധിച്ചില്ലല്ലോ എന്നുള്ളത് വലിയ വിഷയമായിരുന്നു. പോയി കാണാന്‍ വേണ്ടി ഡോക്ടര്‍മാരോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു പോയി കാണണമെങ്കില്‍ കാണാം പക്ഷേ റിസ്‌കാണ്. പിപിഇ കിറ്റ് ഒക്കെ ഇട്ട് പോയി വേണം കാണാന്‍. പക്ഷേ ഐസിയുവിലായത് കൊണ്ട് അവര്‍ പിന്നെയത് സമ്മതിച്ചില്ല. അത് വലിയ വിഷമമായി.
ആദ്യം ചെന്നപ്പോഴൊക്കെ അച്ഛന്‍ എന്നെ ഇവിടെ നിന്ന് കൊണ്ടു പോകുമോ എനിക്ക് ഇവിടെ നില്‍ക്കണ്ട എന്നൊക്കെ പറയുമായിരുന്നു. ചിലപ്പോഴൊക്കെ ആലോചിക്കും അച്ഛനെ ആശുപത്രിയില്‍ വിടേണ്ടിയിരുന്നില്ലെന്ന്. പക്ഷേ, പിന്നെ ആലോചിക്കുമ്പോള്‍ അന്ന് ഡോക്ടര്‍ പറഞ്ഞതും ഓര്‍മ്മയില്‍ വരും. ഇപ്പോള്‍ നിങ്ങള്‍ പറയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിയിരുന്നില്ല എന്ന്. പിന്നീട് ചിന്തിക്കും അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ രക്ഷപ്പെടുമെന്ന്.
Post Your Comments