സൗബിൻ ഷാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. തിരക്കഥാകൃത്തായ ഷാഹി കബീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നിധീഷും ഷാജി മാറാടും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സിനിമയുടെ പ്രഖ്യാപനത്തിന് ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് ചർച്ചയാവുകയാണ്. കേരള പൊലീസിലെ ഉദ്യോഗസ്ഥൻ ഉമേഷ് വള്ളിക്കുന്നിന്റ ഇലവീഴാപൂഞ്ചിറയെ കുറിച്ചുള്ള പോസ്റ്റാണ് വൈറലാകുന്നത്. സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറയിൽ കാവലിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ചാണ് അദ്ദേഹം എഴുതിയത്.
ഏത് നിമിഷവും ഇടിമിന്നലേറ്റ് മരിച്ചു പോകാവുന്ന ഈ സ്ഥലത്ത് ജോലി ചെയ്യാന്‍ ഇഷ്ടപ്പെടാതിരുന്ന ഉദ്യോഗസ്ഥര്‍ക്കിടയിൽ, ഒരു പരാതിയുമില്ലാതെ പൂഞ്ചിറക്കാരായി ജീവിച്ച രണ്ടുപേരാണ് ഇന്ന് ഈ ചിത്രത്തിന്റെ എഴുത്തുകാര്‍ എന്നാണ് ഉമേഷ് വള്ളിക്കുന്ന് പറയുന്നത്. ഇലവീഴാപൂഞ്ചിറയിലെ വയര്‍ലസ് സ്റ്റേഷനിലേക്കുള്ള സിനിമായാത്രക്ക് കാത്തിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
Also Read: ’50 വയസ് വരെ ആയുസുള്ളൂ, ഞാൻ നിന്റെ മോളായി ജനിക്കും’: അച്ഛനെക്കുറിച്ച് സൗഭാഗ്യ
ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
മൊബൈല്‍ റേഞ്ച് പോലുമില്ലാത്ത ഒരു മലമുകളില്‍, ഏകാന്തമായ വയര്‍ലസ് സ്റ്റേഷന് കാവലിരിക്കേണ്ട ഡ്യൂട്ടിയുണ്ട് പോലീസില്‍. ഏതു നിമിഷവും ഇടിമിന്നലേറ്റ് മരിച്ചു പോകാവുന്ന അവിടെ ഡ്യൂട്ടിക്കിട്ടാല്‍ എങ്ങനെയെങ്കിലും ഒരാഴ്ച ഒപ്പിച്ച് അടുത്തയാളെത്തുമ്പോള് രക്ഷപ്പെട്ടു പോരും പൊലീസുകാര്‍. എന്നാല്‍, ആ ഏകാന്തത കുടിച്ച് ലഹരി പിടിച്ച രണ്ടുപേരുണ്ട് കേരളത്തിലെ പൊലീസുകാരില്‍. പരാതിയില്ലാതെ പൂഞ്ചിറയില്‍ വര്‍ഷങ്ങളോളം പുസ്തകം വായിച്ചും എഴുതിയും ഇടയ്ക്ക് നാട്ടിലിറങ്ങുമ്പോള്‍ സിനിമ കണ്ടും അവര്‍ പൂഞ്ചിറക്കാരായി ജീവിച്ചു.
ആ രണ്ട് പോലീസുകാരാണ് ഈ സിനിമയുടെ എഴുത്തുകാര്‍. കഥാകൃത്തായ നിധീഷും നടനായ ഷാജി മാറാടും. സര്‍ക്കാരിന് വേണ്ടി പൊലീസ് പൊലീസിനെ വേട്ടയാടുന്ന സിനിമയെഴുതി സര്‍ക്കാരിന്റെ തന്നെ പുരസ്കാരം നേടിയ പൊലീസുകാരനാണ് (നായാട്ടുകാരനാണ്) സംവിധായകന്. ഇലവീഴാപൂഞ്ചിറയിലെ വയര്‍ലസ് സ്റ്റേഷനിലേക്കുള്ള സിനിമായാത്രക്ക് പ്രതീക്ഷയോടെ കാത്തിരിക്കാതെങ്ങനെ.
Post Your Comments