കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെ മഹാബലിപുരത്ത് വച്ച് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇരുവരും ഒരുമിച്ച് ആദ്യമെത്തിയത് തിരുപ്പതി ക്ഷേത്രത്തിലായിരുന്നു. എന്നാൽ, ക്ഷേത്ര ദർശനത്തിന് പിന്നാലെ താരദമ്പതികൾ സമൂഹിക മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയമായി. ഇരുവരും ദർശനം നടത്തിയ വീഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ചു കയറിയ സംഭവം വിവാദമാകുകയും ചെയ്തു. വിവാദത്തെ തുടർന്ന് നിയമങ്ങൾ ലംഘിച്ചതിന് തിരുപ്പതി ക്ഷേത്ര ബോർഡ് ദമ്പതികൾക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു.
ഇപ്പോളിതാ, സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും രംഗത്തെത്തിയിരിക്കുകയാണ്. ക്ഷേത്ര അധികൃതർക്ക് നൽകിയ കത്തിലൂടെയാണ് ഇരുവരും ഖേദ പ്രകടനം നടത്തിയത്.
‘ഞങ്ങൾ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ദൈവത്തോട് അനാദരവ് കാണിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ക്ഷമ പറയുന്നു. വിവാഹം തിരുപ്പതിയിൽ നടത്തണമെന്നായിരുന്നു ആഗ്രഹിച്ചത്. എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ കാരണം ചെന്നൈയിൽ വച്ചു നടത്തേണ്ടി വന്നു. ഞങ്ങളുടെ വിവാഹം സമ്പൂർണ്ണമാക്കാൻ വിവാഹ വേദിയിൽ നിന്ന് നേരിട്ട് ക്ഷേത്രത്തിലെത്തിയതായിരുന്നു. ആ നിമിഷത്തിന്റെ ഓർമ്മക്കായി ഫോട്ടോ എടുക്കാൻ ആഗ്രഹിച്ചു. എന്നാൽ, തിക്കും തിരക്കും കാരണം ക്ഷേത്രത്തിന് പുറത്തേക്ക് വരേണ്ടി വന്നു. തുടർന്ന് തിരക്ക് കുറഞ്ഞപ്പോൾ ക്ഷേത്രത്തിനകത്തേക്ക് വീണ്ടും കയറിയപ്പോൾ ധൃതിയിൽ ചെരുപ്പ് ധരിച്ചത് മറന്നുപോയതാണ്. ഞങ്ങൾ എപ്പോഴും അമ്പലത്തിൽ പോവുന്നവരാണ്. തികഞ്ഞ ദൈവവിശ്വാസികളാണ്. സംഭവത്തിൽ നിരുപാധികം മാപ്പു പറയുന്നു‘, താരദമ്പതികൾ നൽകിയ കത്തിൽ ഇങ്ങനെയാണ് പറയുന്നത്.
Post Your Comments