അക്ഷയ് കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി ചന്ദ്രപ്രകാശ് ദ്വിവേദി ഒരുക്കിയ സാമ്രാട്ട് പൃഥ്വിരാജ് ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ചിത്രം തിയേറ്ററിൽ വലിയ തകർച്ചയാണ് നേരിട്ടത്. ഇതേ തുടർന്നാണ് പതിവിലും നേരത്തെ ഒടിടിയിൽ എത്തിക്കാൻ ശ്രമിക്കുന്നത്. ചിത്രം നിർമ്മിച്ച യാഷ് രാജ് ഫിലിംസ് ടീം, ആമസോൺ പ്രൈമുമായി ചേർന്ന് ഇക്കാര്യം ആലോചിച്ചതായാണ് വിവരം. യാഷ് രാജ് ഫിലിംസ് 4 ആഴ്ചയും 8 ആഴ്ചയും കണക്കാക്കി വിലകൾ നിശ്ചയിച്ച് ഒരു ഓപ്പൺ എൻഡ് കരാർ ഉണ്ടാക്കിയിട്ടുണ്ട്. സിനിമ തിയേറ്ററിൽ പരാജയപ്പെട്ടാൽ, പ്രൊഡക്ഷൻ ഹൗസ് 4 ആഴ്ചത്തെ വിൻഡോ തെരഞ്ഞെടുക്കും, തിയേറ്ററിൽ മികച്ച പ്രകടനം തുടരുകയാണെങ്കിൽ, തിയേറ്റർ വരുമാനം കൂട്ടുന്നതിനായി പ്രീമിയർ തീയതി നീട്ടുകയാണ് ചെയ്യുക. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യങ്ങൾ പുറത്ത് വിട്ടത്.
കാണികൾ ഇല്ലാത്തതിനാൽ പലയിടങ്ങളിലായി ചിത്രത്തിൻ്റെ പല ഷോകളും ഒഴിവാക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. 250 കോടിയോളം മുതൽ മുടക്കിയൊരുക്കിയ ചിത്രത്തിന് 48 കോടിയേ ബോക്സ് ഓഫീസിൽ തിരിച്ചുപിടിക്കാനായുള്ളൂ.
Also Read: സേതുരാമയ്യരെ നെറ്റ്ഫ്ലിക്സിൽ കാണാം: ആരാധകർ കാത്തിരുന്ന സിബിഐ 5 എത്തി
പന്ത്രണ്ടാം നൂറ്റാണ്ടിൽ രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാനെക്കുറിച്ച് ചന്ദ് ബർദായി എഴുതിയ പൃഥ്വിരാജ് റാസൊ എന്ന ഇതിഹാസ കവിതയെ ആസ്പദമാക്കിയാണ് ചന്ദ്രപ്രകാശ് ദ്വിവേദി ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് ചൗഹാൻ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അക്ഷയ് കുമാർ അവതരിപ്പിച്ചത്. മാനുഷി ഛില്ലാർ ആണ് ചിത്രത്തിൽ നായികയായെത്തിയത്. സോനു സൂദ്, സഞ്ജയ് ദത്ത് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
Post Your Comments