ജുറാസിക് വേൾഡ് ഡൊമിനിയനിലൂടെ ശ്രദ്ധേയയായ താരമാണ് വരദ സേതു. ഇപ്പോളിതാ, വരദ മലയാള സിനിമയിലേക്ക് എത്തുകയാണ്. ജയരാജ് സംവിധാനം ചെയ്യുന്ന പ്രമദവനം എന്ന ചിത്രത്തിലെ നായികയാണ് വരദ എത്തുന്നത്. ഉണ്ണി മുകുന്ദനാണ് ചിത്രത്തിൽ നായകൻ. പുതിയ ചിത്രത്തിലേക്ക് വരദയെ വരവേൽക്കുന്നതായി ഉണ്ണി മുകന്ദൻ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു.
2010ൽ ഇംപ്രഷൻസ് എന്ന ഹ്രസ്വ ചിത്രത്തിലൂടെയായിരുന്നു വരദ സേതുവിൻറെ അരങ്ങേറ്റം. പിന്നീട്, ബ്രിട്ടീഷ് ത്രില്ലറായ സ്കെറ്റ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ബിബിസി സംപ്രേഷണം ചെയ്യുന്ന ഹാർഡ് സൺ എന്ന ക്രൈം സീരിയലിൽ ഡി എസ് മിഷൽ അലി എന്ന കഥാപത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഇംഗ്ലീഷ്; ആൻ ഓട്ടം ഇൻ ലണ്ടൻ, നൗ യു സീമീ തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.
കേരളത്തിൽ ജനിച്ച വരദ ചെറുപ്പത്തിൽത്തന്നെ ഇംഗ്ലണ്ടിന്റെ നോർത്ത് ഈസ്റ്റിലേക്ക് കുടുംബത്തോടൊപ്പം താമസം മാറുകയായിരുന്നു. ന്യൂകാസിൽ ഓൺ ടൈനിലാണ് വരദ വളർന്നത്. ബ്രിട്ടണിൽ സ്ഥിരതാമസമാക്കിയ മലയാളികളായ ഡോക്ടർ ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണ് വരദ. ബ്രിസ്റ്റോൾ സർവകലാശാലയിൽ നിന്ന് വെറ്ററിനറി മെഡിസിനിൽ വരദ ബിരുദം നേടിയിട്ടുണ്ട്.
Post Your Comments