
തെന്നിന്ത്യ ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന താരവിവാഹമാണ് ഇന്നലെ മഹാബലിപുരത്ത് നടന്നത്. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ഇരുവരുടേയും വിവാഹ വിശേഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ഷാരൂഖ് ഖാൻ, രജനികാന്ത്, അജിത് കുമാറും കുടുംബവും, രാധിക ശരത്കുമാർ, മണിരത്നം, ദിലീപ് തുടങ്ങി പ്രമുഖ താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു. എന്നാൽ, താരസാന്നിധ്യം പോലെത്തന്നെ ശ്രദ്ധ നേടുകയാണ് ഇവരുടെ വിവാഹസദ്യയിലെ വിഭവങ്ങളും.
കാതൽ ബിരിയാണി മുതൽ കരിക്ക് പായസം വരെയുളള വിഭവങ്ങളായിരുന്നു വിവാഹത്തിന് ഒരുക്കിയത്. ചക്ക കൊണ്ട് തയ്യാറാക്കിയ ബിരിയാണിയാണ് കാതൽ ബിരിയാണി. വിവാഹസദ്യക്ക് കേരളത്തനിമയുള്ള ഒട്ടേറെ വിഭവങ്ങളും ഉണ്ടായിരുന്നു. അവിയൽ, കാളൻ, ചേന കൊണ്ടുള്ള സ്പെഷ്യൽ ഭക്ഷണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ, ബദാം ഹൽവ, ഐസ്ക്രീം തുടങ്ങിയവായാണ് മറ്റുളള വിഭവങ്ങൾ. നേരത്തെ, വിവാഹവേദിയിൽ ഫാൻ മെയ്ഡ് പോസ്റ്ററുകൾ പതിപ്പിച്ച വെള്ളക്കുപ്പികൾ വിതരണം ചെയ്തതും വാർത്തയായിരുന്നു.
വിവാഹത്തിനോടനുബന്ധിച്ച് തമിഴ്നാട്ടിലുടനീളം 18,000 കുട്ടികൾക്കും ഒരു ലക്ഷത്തോളം ആളുകൾക്കും താരങ്ങൾ സദ്യ നൽകിയിട്ടുണ്ട്. തങ്ങളുടെ വിവാഹം കൊണ്ട് സമൂഹത്തിന് വലിയൊരു മാതൃക കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് നയൻസും വിഘ്നേഷും ഇത്രയും ആളുകൾക്ക് ഉച്ചഭക്ഷണം നൽകാൻ തീരുമാനിച്ചത്.
Post Your Comments