പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജും നയൻതാരയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ അൽഫോൺസ് പുത്രൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ പോസ്റ്ററിന് താഴെ നിരവധി ട്രോളുകളും കമന്റുകളും എത്തി. അത്തരത്തിൽ വന്ന ഒരു കമന്റും അതിന് അൽഫോൺസ് പുത്രൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
‘മലയാളത്തിൽ ഇത്രയും കഴിവുള്ള നടിമാർ ഉണ്ടായിട്ടും എന്തിനാണ് നയൻതാര?’ എന്ന കമന്റിന് സംവിധായകൻ നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ‘നയൻതാര ജപ്പാൻകാരി ആണല്ലോ. എൻറെ അറിവിൽ പുള്ളിക്കാരി മലയാളിയാണ്. നല്ല കഴിവും ഉണ്ട്. എൻറെ സിനിമ ഷൂട്ട് ചെയ്തപ്പോൾ എനിക്ക് അത് മനസ്സിലാവുകയും ചെയ്തു ബ്രോ’, ഇതാണ് അൽഫോൺസ് പുത്രൻ നൽകിയ കലക്കൻ മറുപടി. ഈ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
സിനിമയിലെ കഥാപാത്രങ്ങളെയെല്ലാം ഉൾക്കൊള്ളിച്ച് 360 ഡിഗ്രി ആംഗിളിൽ ഉള്ള കളർ ഫുൾ പോസ്റ്ററായിരുന്നു പുറത്ത് വിട്ടത്. എന്നാൽ, പോസ്റ്റർ ഹോളിവുഡ് ചിത്രമായ എവെരിതിങ് എവെരിതിങ് ഓൾ അറ്റ് വൺസിന്റെ പോസ്റ്ററിന്റെ അതെ രീതിയിലാണ് എന്ന് പറഞ്ഞയാൾക്കും അൽഫോൺസ് മറുപടി നൽകുന്നുണ്ട്. എവെരിതിങ് എവെരിതിങ് ഓൾ അറ്റ് വൺസിന്റെ പോസ്റ്റർ പങ്കുവച്ച് കൊണ്ട് ‘എവിടെയോ എന്തോ ഛായകാച്ചൽ’ എന്നായിരുന്നു കമന്റിട്ടിരുന്നത്. താൻ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് ഈ കമന്റിന് അൽഫോൺസ് മറുപടി നൽകിയത്. ഇതേ രീതി തന്നെയാണ് നേരം എന്ന ചിത്രത്തിന്റെ പോസ്റ്ററും ഡിസൈൻ ചെയ്തിരിക്കുന്നത് എന്നാണ് അൽഫോൺസ് പറയുന്നത്.
Post Your Comments