
സോഹൻലാൽ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ‘സ്വപ്‌നങ്ങൾ പൂക്കുന്ന കാടിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും പുറത്തുവിട്ടു. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് മലയാള സിനിമാ സംവിധായകരുടെ സംഘടനയായ ഫെഫ്‍കയും വേൾഡ് മലയാളീ കൗൺസിലുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. പരിസ്ഥിതി പ്രവർത്തകയും സോഷ്യൽ ആക്ടിവിസ്റ്റുമായ മേധാ പട്‍കറാണ് ട്രെയിലർ റിലീസ് ചെയ്തത്.
‘ക്ലിന്റ്’, ‘9’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അലോക് കൃഷ്‍ണയാണ് ‘സ്വപ്‌നങ്ങൾ പൂക്കുന്ന കാടിലെ’ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റഷ്യൻ നടി സ്വറ്റ്ലാന ‘ഏഞ്ചൽ ഓഫ് ഡ്രീംസ് ‘ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ജോണി കുരുവിള , ജഹാൻഗീർ ഷംസ് , ജിമ്മി ജെ. ജോൺ എന്നിവരാണ് നിർമാതാക്കൾ. രമേഷ് നാരായണൻ സംഗീതം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയതും സംവിധായകൻ തന്നെയാണ്.
മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള 21 പുരസ്‌കാരങ്ങൾ നേടി അന്താരാഷ്‍ട്ര ചലച്ചിത്ര മേളകളിൽ ശ്രദ്ധേയമായ ചിത്രമാണ് ‘സ്വപ്‌നങ്ങൾ പൂക്കുന്ന കാട്’. ഇൻഡോ ഫ്രഞ്ച് ഫിലിം ഫെസ്റ്റിവൽ, സ്വീഡൻ ഫിലിം അവാർഡ്‍സ്, ഇൻഡോ തായ് ഫിലിം ഫെസ്റ്റിവൽ, ന്യൂ ജേഴ്‌സി ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഇങ്ങനെ പ്രശസ്‍തമായ ചലച്ചിത്രമേളകളിൽ നിറഞ്ഞ കൈയടിയോടെയാണ് സിനിമാസ്വാദകർ ചിത്രത്തെ വരവേറ്റത്.
Post Your Comments