
ഷെയിൻ നിഗത്തെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉല്ലാസം. പ്രവീൺ ബാലകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. പവിത്രാ ലക്ഷ്മിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറിൽ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ് നിർമ്മാണം. അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
ഇപ്പോളിതാ, ചിത്രത്തിന്റെ ട്രെയ്‍ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മമ്മൂട്ടിയാണ് സമൂഹ മാധ്യമങ്ങളിലൂടെ ട്രെയ്‍ലർ റിലീസ് ചെയ്തത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ഒരു എന്റർടെയ്‌നർ തന്നെയാണ് ഉല്ലാസമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. രണ്ട് അപരിചതർ തമ്മിൽ ഉണ്ടാകുന്ന പ്രണയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത് എന്നാണ് ട്രെയ്‌ലറിൽ നിന്നും മനസിലാകുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ജൂലൈ ഒന്നിന് ചിത്രം തിയേറ്ററുകളിൽ എത്തും.
അജു വർഗീസ്, ദീപക് പരമ്പോൽ, ബേസിൽ ജോസഫ്, ജോജി, അംബിക, നയന എൽസ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments