തെന്നിന്ത്യയിലെ സൂപ്പർ സംവിധായകൻ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാൻ. ഷാരൂഖ് ഖാനാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് നായിക. നയൻതാരയും ഷാരൂഖും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാൻ. പ്രിയാ മണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെല്ലാം തെന്നിന്ത്യൻ സിനിമാ ലോകത്ത് നിന്നുള്ളവരാണ്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.
ചിത്രത്തിന്റെ ടീസർ ഇന്നലെ പുറത്തെത്തിയിരുന്നു. പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ തന്നെയാണ് അറ്റ്ലി – ഷാരൂഖ് ടീം എത്തുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ബാൻഡേജിൽ മുഖം മൂടി കെട്ടി ഒരു കണ്ണൊഴികെയുള്ള ഭാഗങ്ങൾ മറച്ചാണ് ടീസറിൽ ഷാരൂഖിനെ കാണുന്നത്. ഇപ്പോളിതാ, ടീസറിലെ ഷാരൂഖാന് 1990ലെ സൂപ്പർ ഹീറോ ചിത്രമായ ഡാർക്ക് മാനുമായി രൂപ സാമ്യമുണ്ടെന്ന ആരാധകരുടെ ചർച്ചയാണ് സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നത്.
അനുഷ്ക ശർമ നായികയായി 2018ൽ പുറത്തിറങ്ങിയ സീറോ ആയിരുന്നു ഷാരൂഖിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പഠാൻ, രാജ്കുമാർ ഹിറാനിയുടെ ഡങ്കി എന്നിവയാണ് വരാനിരിക്കുന്ന ഷാരൂഖ് ചിത്രങ്ങൾ.
Post Your Comments