മോഹൻലാലിനൊപ്പം തന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ജോഷി എന്ന തരത്തിൽ അടുത്തിടെ വാർത്തകൾ പ്രചരിച്ചിരുന്നു. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന റാം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ ശേഷം ജോഷി ചിത്രം ആരംഭിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇപ്പോളിതാ, ഈ വാർത്തയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജോഷി. അടുത്ത സിനിമ മോഹൻലാലിന് ഒപ്പമെന്നുള്ള വാർത്ത തെറ്റാണെന്നും ഇത്തരം കാര്യങ്ങൾ ആര് എഴുതിവിടുന്നതാണെന്ന് അറിയില്ലെന്നുമാണ് ജോഷി പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജോഷി ഇക്കാര്യങ്ങൾ പറഞ്ഞത്.
ജോഷിയുടെ വാക്കുകൾ:
അടുത്ത സിനിമ മോഹൻലാലിന് ഒപ്പമെന്നുള്ള വാർത്ത അസത്യമാണ്. ഇത്തരം കാര്യങ്ങൾ ആര് എഴുതിവിടുന്നതാണെന്ന് അറിയില്ല. ചില കഥാരചനകൾ നടക്കുന്നുണ്ട്. അതാദ്യം എഴുതി പൂർത്തിയാക്കണം. ഇഷ്ടപ്പെടണം. അതിനൊക്കെ ശേഷമേ ഇത് സംബന്ധിച്ച എന്തെങ്കിലും സ്ഥിരീകരണം ഉണ്ടാകൂ.
2015ൽ പുറത്തിറങ്ങിയ ലൈല ഒ ലൈല എന്ന സിനിമയ്ക്കായാണ് മോഹൻലാലും ജോഷിയും അവസാനമായി ഒന്നിച്ചത്. അമല പോൾ ആയിരുന്നു സിനിമയിൽ നായികയായെത്തിയത്. അതേസമയം, സുരേഷ് ഗോപി നായകനാകുന്ന പാപ്പൻ എന്ന സിനിമയാണ് നിലവിൽ ജോഷി സംവിധാനം ചെയ്യുന്നത്. സണ്ണി വെയിൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Post Your Comments