തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വിക്രം. കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജാണ് ചിത്രം ഒരുക്കിയത്. ജൂൺ മൂന്നിനാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
എന്നാൽ, സിനിമ റിലീസ് ചെയ്ത് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും ഇന്റർനെറ്റിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. മൂവിറൂൾസ്, തമിൾ റോക്കേഴ്സ് തുടങ്ങിയ സൈറ്റുകളാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് അപ്ലോഡ് ചെയ്തിരിക്കുന്നത്. എച്ച്ഡി ക്വാളിറ്റിയിലുള്ള പതിപ്പാണ് ചോർന്നിരിക്കുന്നത്.
രത്നകുമാറും ലോകേഷ് കനകരാജും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സൂര്യ അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. സാറ്റ്ലൈറ്റിലും ഒടിടിയിലുമായി വ്യത്യസ്ത ഭാഷകളിൽ ചിത്രത്തിന്റെ അവകാശം 200 കോടിയിലധികം രൂപയ്ക്കാണ് റിലീസിന് മുൻപേ വിറ്റുപോയത്.
Post Your Comments