ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് വിക്രം. ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇവരെക്കൂടാതെ സൂര്യയും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിക്കുന്നുണ്ട് എന്ന വാർത്തയും പുറത്ത് വന്നിരുന്നു. ഇതോടെ, സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന വിക്രം സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഇപ്പോളിതാ, കമൽ ഹാസൻ സൂര്യയ്‍ക്കൊപ്പം വീണ്ടും സിനിമ ചെയ്യാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. രാജ് കമൽ ഫിലിംസിന്റെ ബാനറിൽ സിനിമ ചെയ്യാൻ താൻ സൂര്യയെ സമീപിച്ചതായി കമൽ ഹാസൻ തന്നെയാണ് വെളിപ്പെടുത്തിയത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ഞാൻ ചെയ്യാൻ പദ്ധതിയിട്ടിരുന്ന ചില തിരക്കഥകളും സൂര്യയ്ക്ക് നൽകി. താങ്കൾക്കായി എഴുതിയ സ്ക്രിപ്റ്റ് ആണെങ്കിൽ അത് എങ്ങനെ ചെയ്യുമെന്ന് സൂര്യ സംശയം പ്രകടിപ്പിച്ചു. ചർച്ചകൾക്കൊടുവിൽ അദ്ദേഹം സമ്മതം മൂളി. സിനിമയുടെ വിവരങ്ങൾ ഉടൻ പുറത്തുവിടാനാണ് തീരുമാനം’, കമൽ ഹാസൻ പറഞ്ഞു.
അതേസമയം, ജൂൺ 3ന് വിക്രം റിലീസ് ചെയ്യും. സിനിമയുടെ അവസാന നിമിഷത്തിലാണ് സൂര്യയുടെ കഥാപാത്രം എത്തുന്നത്. ചിത്രത്തിൽ മലയാളി സാന്നിധ്യമായി കാളിദാസ് ജയറാം, ചെമ്പൻ വിനോദ് ജോസ്, നരേൻ എന്നിവരും അണിനിരക്കുന്നുണ്ട്.
Post Your Comments