ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് ഒരുക്കുന്ന ചിത്രമാണ് ജയ ജയ ജയ ജയ ഹേ. മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു കോമഡി ചിത്രമാണിത്.
ജാൻ എ മൻ എന്ന ചിത്രത്തിന് ശേഷം ചിയേർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അമൽ പോൾസനാണ് സഹനിർമ്മാണം. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ബബ്ലു അജുവാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. അങ്കിത് മേനോനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. ജോൺ കുട്ടിയാണ് എഡിറ്റ് ചെയ്യുന്നത്.
Post Your Comments