CinemaGeneralIndian CinemaLatest NewsMollywood

ഇത്രയും പഠിപ്പുള്ളതല്ലേ, നല്ല വല്ല ജോലിയും ചെയ്തൂടെ, കഞ്ചാവും വെള്ളവും ഒക്കെ കാണുമല്ലോ: വൈറലായി സംവിധായകന്റെ കുറിപ്പ്

മലയാളത്തിലെ പുതുതലമുറ സംവിധായകരില്‍ ശ്രദ്ധേയനാണ് ഡോൺ പാലത്തറ. സിനിമയെ ഗൗരവത്തോടെ സമീപിക്കുന്ന ചലച്ചിത്ര പ്രേമികള്‍ക്കിടയില്‍ ആദ്യ സിനിമ മുതൽ തന്നെ ശ്രദ്ധ നേടിയ സംവിധായകനാണ് ഡോണ്‍. 2015ൽ പുറത്തിറങ്ങിയ ശവം എന്ന ചിത്രത്തിലൂടെയായിരുന്നു ഡോണിന്റെ അരങ്ങേറ്റം. റിമ കല്ലിങ്കൽ, ജിതിന്‍ പുത്തഞ്ചേരി എന്നിവർ പ്രധാന വേഷത്തിലെത്തിയ സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം എന്ന ചിത്രമാണ് ഡോണിന്റേതായി അവസാനം പുറത്തിറങ്ങിയത്.

ഇപ്പോളിതാ, ഡോൺ പാലത്തറ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണ് വൈറലാകുന്നത്. 2016ൽ വാഹന പരിശോധനക്കിടയിൽ പോലീസിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവമാണ് സംവിധായകൻ പങ്കുവച്ചത്. കോളേജ് കാലത്തെ റാഗിംഗ് ഓർമ്മപ്പെടുത്തുന്ന ശരീരഭാഷയും സംസാരവുമായിരുന്നു പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് ഡോൺ പറയുന്നത്.

ഡോൺ പാലത്തറയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

പോലീസുകാർ കേന്ദ്രകഥാപാത്രങ്ങളായി വരുന്ന രണ്ട് മലയാളം സിനിമകൾ അടുത്ത് കണ്ട പശ്ചാത്തലത്തിൽ എഴുതുന്ന ഒരു അനുഭവം. ഈ കുറിപ്പ് സിനിമകളെക്കുറിച്ചല്ല.

ആദ്യസിനിമ ആയ ശവം ചെയ്തതിനു ശേഷം ഡിസ്ട്രിബ്യൂട്ട് ചെയ്യാൻ മറ്റു മാർഗ്ഗം ഒന്നും കാണാതെ സിനിമാവണ്ടിയിൽ പ്രദർശിപ്പിച്ചു നടന്ന കാലം, 2016 ജനുവരി ആവണം സമയം. കോട്ടയം CMS കോളജിൽ പ്രദർശിപ്പിച്ചു കഴിഞ്ഞ്, എറണാകുളത്ത് CUSAT ൽ പ്രദർശിപ്പിക്കാൻ പോകുന്ന വഴി പോലീസ്, വണ്ടിക്ക് കൈ കാണിച്ചു. പേപ്പറുകൾ എല്ലാം കാണിച്ചു. അത്രയും ദിവസം കൂടെ ഉണ്ടായിരുന്ന വേദ് എന്തോ അത്യാവശ്യത്തിനു വീട്ടിൽ പോയ ദിവസമായതിനാൽ ഞാൻ ഒറ്റയ്‌ക്കെ ഒള്ളൂ. പോലീസുകാർ പേപ്പറുകൾ എല്ലാം കണ്ടിട്ടും വിടാൻ ഭാവം ഇല്ല. കോളജ് കാലത്തെ റാഗിംഗ് ഓർമ്മപ്പെടുത്തുന്ന ശരീരഭാഷയും സംസാരവും.

“എന്തിനാണ് ഇങ്ങനത്തെ സാമ്പത്തിക ലാഭം ഒന്നും ഉണ്ടാക്കാത്ത സിനിമ കൊണ്ടുനടന്ന് അപ്പനും അമ്മയ്ക്കും ബാധ്യത ഉണ്ടാക്കുന്നത്! ” “ശവമോ, കണ്ടാലും പറയും “, ” ഇത്രയും പഠിപ്പുള്ളതല്ലേ, നല്ല വല്ല ജോലിയും ചെയ്തൂടെ “, ” കഞ്ചാവും വെള്ളവും ഒക്കെ കാണുമല്ലോ”, ” ഇനി സിനിമ ചെയ്‌താൽ തന്നെ, (ആ ഇടയ്ക്ക് )ഹിറ്റ്‌ ആയ പാവാട പോലെ ഉള്ള സിനിമകൾ ചെയ്തൂടെ!”.. ഇങ്ങനെ ഒരു അര മുക്കാൽ മണിക്കൂർ ടോർച്ചർ. വല്ല പെറ്റിയും എഴുതി തന്നാൽ കൊടുക്കാൻ എന്റെ കൈവശം ഒന്നും ഇല്ലാത്തത് കൊണ്ടും, പൊതുവിൽ തന്നെ പോലീസിനോടുള്ള ഭയം കൊണ്ടും തിരിച്ചൊന്നും പറയാതെ കേട്ട് നിന്നതേ ഒള്ളൂ. “ഇവൻ ഭയങ്കര സീരിയസാ, ഇവൻ ചിരിക്കുകേലല്ലോ സാറേ ” ടൈപ്പ് പേട്രണൈസിങ് കമന്റ്സും കുറേ കേട്ടു. കുറേ കാലം നാട്ടിൽ ഇല്ലാതിരുന്നതിനാൽ ഇവിടുത്തെ പോലീസിന്റെ രീതികളും ഹോബികളും ഒന്നും അന്ന് പരിചയമില്ല, പ്രായവും കുറവ്. ഇവറ്റകളെ ഒക്കെ ആരാണ് ട്രെയിൻ ചെയ്ത് വിടുന്നത് എന്നാണ് അന്ന് ഏറ്റവും അധികം ചിന്തിച്ചത്! അല്പം മനക്കട്ടി കുറഞ്ഞ സമയത്താണേൽ സിനിമ തന്നെ ഉപേക്ഷിക്കാൻ ആ ഒരു അനുഭവം മതിയായേനെ.

മറ്റൊരു സുഹൃത്തും അടുത്ത് സിമിലർ ആയ / കുറേകൂടി തീവ്രമായ ഒരു അനുഭവം പറഞ്ഞു. അതുകൊണ്ട് കാര്യങ്ങളിൽ മാറ്റം ഒന്നുമില്ലെന്ന് മനസിലായി.

shortlink

Related Articles

Post Your Comments


Back to top button