മലയാളികളുടെ പ്രിയ താരമായ ഉണ്ണി മുകുന്ദന് കൈ നിറയെ ചിത്രങ്ങളാണ്. നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച താരത്തിന്റെ കരിയറിൽ ചില പരാജയ ചിത്രങ്ങളുമുണ്ടായിട്ടുണ്ട്. തന്റെ സിനിമാ കരിയറിലുണ്ടായ ഏറ്റവും മോശം സിനിമയെ പറ്റി തുറന്നുപറയുകയാണ് ഉണ്ണി മുകുന്ദന്‍. സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗമാണ് താൻ ചെയ്ത സിനിമകളിൽ ഏറ്റവും മോശമെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ കരിയറിലെ മോശം സിനിമകള്‍ ഏതാണെന്ന് ഞാന്‍ പറയാം. എന്റെ സിനിമകള്‍ മിക്കതും എനിക്ക് ഭയങ്കര ഇഷ്ടമാണ്, ഞാന്‍ ഇമോഷണലി കണക്ടഡ് ആണ്. എനിക്ക് അഞ്ചിലധികം നല്ല സിനിമകളുണ്ട്. പക്ഷെ ഞാന്‍ കുറച്ച് കൂടി ശ്രദ്ധ കാണിക്കണമായിരുന്നു. സാമ്രാജ്യം സിനിമയുടെ രണ്ടാം ഭാഗം എടുത്തിരുന്നു. അത് ഒരു തരത്തില്‍ ദുരന്തമായിരുന്നു. പക്ഷെ, എന്റെ തുടക്കകാലത്ത് എനിക്ക് കിട്ടിയ ഒരു അവസരമായാണ് ഞാന്‍ ആ സിനിമയെ കാണുന്നത്. ഇപ്പോഴും പല സ്ഥലത്തും ഞാന്‍ ആ സിനിമ ചെയ്തു എന്ന് പറയാറുണ്ട്. പുതിയ നടന്‍ എന്ന നിലയില്‍ കിട്ടിയ ആ അവസരം വര്‍ക്കൗട്ട് ആയില്ല. അതൊക്കെ സാധാരണമാണ്. കുഴപ്പമില്ല’, ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
1990ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗമായാണ് സാമ്രാജ്യം 2 സണ്‍ ഓഫ് അലക്‌സാണ്ടര്‍ റിലീസ് ചെയ്തത്. ഉണ്ണി മുകുന്ദനെ നായകനാക്കി തമിഴ് സംവിധായകന്‍ പേരറസു ആയിരുന്നു ചിത്രം ഒരുക്കിയത്. ചിത്രം പക്ഷെ ശ്രദ്ധിക്കപ്പെട്ടില്ല. ഇനി പുറത്തിറങ്ങാനിരിക്കുന്ന ഷഫീഖിന്റെ സന്തോഷം എന്ന സിനിമതന്റെ മികച്ച സിനിമകളിലൊന്നായിരിക്കുമെന്ന് താരം പറയുന്നു.
Post Your Comments